ഭാരതത്തെ 2047-ഓടെ വികസിത രാജ്യമാക്കി മാറ്റുമെന്നും ഭാവിയിൽ ഇന്ത്യ ഒളിംപിക്‌സ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായും തുടർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും അധികാരത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി കാൽനൂറ്റാണ്ട് ഭരണരംഗത്ത് തുടരാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ഈ അപൂർവ്വ അവസരം നൽകിയ രാജ്യത്തെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.
താൻ ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സ്വാർത്ഥതയില്ലാത്ത പ്രവർത്തി മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും പ്രവൃത്തിയാണ് തനിക്ക് മതമെന്നും വ്യക്തമാക്കി. സംഘടനാ പ്രവർത്തനത്തിലൂടെ രാജ്യത്തെ സേവിച്ചതാണ് തന്റെ യഥാർത്ഥ രാഷ്ട്രീയ റിപ്പോർട്ട് കാർഡ്. ഇന്ത്യയെ ആഗോള നിർമ്മാണ മേഖലയുടെ ഹബ്ബാക്കി (Global Manufacturing Hub) മാറ്റുമെന്നും, ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യനെ അയക്കാനുള്ള പദ്ധതിയടക്കം രാജ്യം അതിവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് വിദേശ വിമാനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന രാജ്യം, ഇനി സ്വന്തമായി നിർമ്മിച്ച വിമാനങ്ങളെക്കുറിച്ച് ലോകം സംസാരിക്കുന്ന കാലത്തിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലൈ ദുബായ് വിമാനത്തിൽ ധീരത കാട്ടിയ പൈലറ്റ് സ്മിത് മച്ഛറിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ വീണ്ടും പ്രശംസിച്ചു.
വോട്ടിനുവേണ്ടി സമൂഹത്തെ വിഭജിക്കുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മോദി ചൂണ്ടിക്കാട്ടി. ഒരു നാടൊട്ടുക്ക് വൈദ്യുതി നിലച്ചാൽ അത് ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരെയുമാണ് ബാധിക്കുന്നത്. വികസനത്തിന്റെ ഗുണം എല്ലാവർക്കും ഒരുപോലെ എത്തിക്കുകയാണ് തൻ്റെ ലക്ഷ്യം. രാജ്യത്തിന് മുന്നിൽ വലിയ വെല്ലുവിളികളുണ്ടെങ്കിലും, അത് മറികടക്കാൻ 140 കോടി പരിഹാര മാർഗ്ഗങ്ങളുമുണ്ടെന്ന് ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും കഠിനാധ്വാനവും ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോദിയുടെ കാൽനൂറ്റാണ്ടിലെ ഭരണനേട്ടങ്ങൾ പുരസ്‌കരിച്ച് ബി.ജെ.പി രാജ്യവ്യാപകമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.












