ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വീണ്ടും പരിക്ക് ഭീഷണി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ പേസർ പ്രസിദ് കൃഷ്ണക്ക് കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പരിക്ക് പൂർണമായി ഭേദമായി നാല് ആഴ്ചയ്ക്കുള്ളിൽ മാത്രമേ താരം പൂർണ റിതത്തിൽ ബൗളിങ് പുനരാരംഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് സൂചന. ഇതോടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ പ്രസിദ്ധിന് കളിക്കാനാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
നവംബർ 4നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം. നിലവിലെ സാഹചര്യത്തിൽ അതിന് മുമ്പ് പ്രസീദിന് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമോ എന്നത് വലിയ ചോദ്യമാണ്. പരിക്കേറ്റതിന് പിന്നാലെ പ്രസിദ്ധ് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 2027ലെ ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ടീമിന്റെ കോമ്പിനേഷൻ രൂപപ്പെടുത്തുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും പേസ് ബൗളിങ് വിഭാഗത്തിലെ തുടർച്ചയായ പരിക്കുകൾ വലിയ തലവേദനയായി മാറുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, അൻഷുൽ കാംബോജ് എന്നിവരെയാണ് ഇന്ത്യ പേസ് വിഭാഗത്തിൽ ആശ്രയിച്ചത്. ഇവരിൽ പലരും ഫോർമാറ്റിലെ ഇന്ത്യയുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളല്ല.
ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വർഷത്തിലേറെയായി ഇന്ത്യയും ബിസിസിഐയും പ്രത്യേക ജാഗ്രത പുലർത്തുകയാണ്. അതിനിടെ ഹർഷിത് റാണയും ഹാർദിക് പാണ്ഡ്യയും പരിക്കിനെ തുടർന്ന് ടീമിന് പുറത്താണ്. ഇപ്പോൾ പ്രസിദ്ധ് കൃഷ്ണയും പരിക്കേറ്റവരുടെ പട്ടികയിൽ എത്തിയതോടെ ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ ആഴം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രണ്ട് നിർണായക ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കേണ്ടതുണ്ട്. അതിനാൽ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായ മുഹമ്മദ് സിറാജിനെയും ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളിൽ വിശ്രമിപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാൽ ഗില്ലിനും ഗംഭീറിനും പേസ് വിഭാഗത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടിവരും.
ലോകകപ്പ് പദ്ധതികൾക്ക് നിർണായകമായ ഘട്ടത്തിൽ പ്രധാന പേസർമാരുടെ പരിക്കുകൾ ഇന്ത്യയുടെ ടീം കോമ്പിനേഷനെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ശക്തമാകുന്നത്. പ്രസീദിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നും ന്യൂസിലൻഡ് പരമ്പരയ്ക്ക് മുമ്പ് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനാകുമോ എന്നതുമാകും ഇനി ഇന്ത്യൻ ടീമിന്റെ പ്രധാന ശ്രദ്ധ.












