സി.പി.ഐ.എം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖ നേതാക്കളെ സാക്ഷിനിർത്തി സംസ്ഥാന നേതൃത്വത്തിനും ഭരണശൈലിക്കുമെതിരെ രൂക്ഷവിമർശനം. മുതിർന്ന നേതാക്കൾ സ്വന്തം ബന്ധുക്കളെ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളായി മത്സരിപ്പിച്ചത് ഒഴിവാക്കണമായിരുന്നുവെന്ന് പൊതുചർച്ചയിൽ അംഗങ്ങൾ തുറന്നടിച്ചു. ഇത്തരം സ്വാർത്ഥ താൽപ്പര്യങ്ങളും ബന്ധുനിയമന സ്വഭാവമുള്ള നീക്കങ്ങളും സംസ്ഥാനതലത്തിൽ തന്നെ പാർട്ടിയുടെ കനത്ത പരാജയത്തിന് വഴിതെളിച്ചതായി യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരുടെ ഓഫീസുകളിൽ സാധാരണക്കാരെ ഗൗനിച്ചില്ലെന്നും ഉദ്യോഗസ്ഥരും ജീവനക്കാരും അഹന്തയും അഹങ്കാരവും പ്രകടിപ്പിച്ചതായും ചർച്ചയിൽ കടുത്ത ആത്മവിമർശനമുയർന്നു. പാർട്ടി മൂന്നാം തവണയും അധികാരത്തിൽ എത്തിയിരുന്നെങ്കിൽ ഈ അഹങ്കാര പ്രവണത കൂടുതൽ ശക്തമാകുമായിരുന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പോലീസ് സ്റ്റേഷനുകളിൽ പാർട്ടി പ്രവർത്തകർക്കോ പ്രാദേശിക നേതാക്കൾക്കോ സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാനോ സാധാരണക്കാരുടെ ന്യായമായ പ്രശ്നങ്ങളിൽ ഇടപടാനോ സാധിച്ചില്ലെന്നും ഇത് ജനങ്ങളിൽ വലിയ അമർഷത്തിന് ഇടയാക്കിയെന്നും യോഗം വിലയിരുത്തി.
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ വൈകിയതിലും യോഗത്തിൽ വൻ പ്രതിഷേധമുയർന്നു. പത്മകുമാറിനെതിരെ കൃത്യസമയത്ത് നടപടി സ്വീകരിക്കാത്തത് പത്തനംതിട്ട ജില്ലയിൽ പാർട്ടിയുടെ തോൽവിക്ക് പ്രധാന കാരണമായെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അതിനിടെ, ഒൻപതംഗങ്ങളുള്ള പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പി.ബി. സതീഷ് കുമാറിനെയോ കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാറിനെയോ ഉൾപ്പെടുത്താനും, ജില്ലാ കമ്മിറ്റിയിലേക്ക് മൂന്ന് പുതിയ അംഗങ്ങളെ തിഞ്ഞെടുക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.












