തടവറയിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും നായകനുമായ ഇമ്രാൻ ഖാനോട് പാകിസ്ഥാൻ ഭരണകൂടം കാണിക്കുന്ന സമീപനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. ഇമ്രാൻ ഖാനോടുള്ള പെരുമാറ്റം തികച്ചും അമാനുഷികമാണെന്നും ഒരു മനുഷ്യനോടും ഈ രീതിയിൽ പെരുമാറരുതെന്നും ശാസ്ത്രി പറഞ്ഞു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യം വല്ലാതെ വഷളായെന്നും വലതുകണ്ണിന്റെ കാഴ്ചശക്തി 15 ശതമാനമായി കുറഞ്ഞെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം.
മാനുഷിക പരിഗണന മുൻനിർത്തിയാണ് താൻ സംസാരിക്കുന്നതെന്ന് റിപ്പബ്ലിക് വേൾഡിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി വ്യക്തമാക്കി. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും എന്നാൽ ഇമ്രാൻ ഖാൻ നേരിടുന്ന നിലവിലെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മറ്റ് ക്രിക്കറ്റ് താരങ്ങൾക്കും ഇതേ അഭിപ്രായമായിരിക്കുമെന്നും ഇമ്രാൻ ഖാൻ ഇത്തരമൊരു അനുഭവത്തിന് അർഹനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാൽപ്പതാം വയസ്സിൽ ഒരു യുവനിരയെ നയിച്ച് ലോകകപ്പ് വിജയിപ്പിച്ച മികച്ചൊരു നായകനാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
2023 മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പാകിസ്ഥാൻ വ്യക്തിത്വങ്ങളിൽ ഒരാളാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അർഹമായ മെച്ചപ്പെട്ട പരിഗണന ലഭിക്കണമെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയം എന്താണെന്ന് തനിക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും തടവറയിൽ കഴിയേണ്ട ആളല്ല അദ്ദേഹമെന്നും, മുൻകാലങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന ക്രിക്കറ്റ് പോരാട്ടങ്ങൾ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായിരുന്നുവെന്നും ശാസ്ത്രി ഓർത്തെടുത്തു.











