യു.ഡി.എഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് നടന്ന സി.പി.ഐ ജില്ലാ പ്രവർത്തക യോഗത്തിൽ പ്രസംഗിക്കവെ സി.പി.എമ്മിനെയും വി. ശിവൻകുട്ടിയനെയും രൂക്ഷമായ ഭാഷയിലാണ് ബിനോയ് വിശ്വം കടന്നാക്രമിച്ചത്. കേന്ദ്ര സർക്കാരിന്റെ ‘പി.എം ശ്രീ’ സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത സി.പി.എമ്മിനെ സി.പി.ഐ ആണ് ശരിയായ പാതയിലേക്ക് നയിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പി.എം ശ്രീ പദ്ധതി ആർ.എസ്.എസിന്റെ അജണ്ടയാണെന്ന ഉറച്ച നിലപാടിൽ സി.പി.ഐ ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് എൽ.ഡി.എഫിന് തലയുയർത്തി നിൽക്കാൻ സാധിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ എൽ.ഡി.എഫിന്റെ നയം സി.പി.എം അടിയറവ് പറയുമായിരുന്നു. ഒടുവിൽ സി.പി.ഐയുടെ നിലപാടാണ് ശരിയെന്ന് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഇത്തരത്തിൽ പദ്ധതിയെ പിന്തുണച്ച ശേഷം ഇപ്പോൾ യു.ഡി.എഫിനെ ഉപദേശിക്കാൻ വരുന്ന ശിവൻകുട്ടിയുടെ നിലപാട് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് എലപ്പുള്ളിയിൽ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി വേണ്ടെന്ന കാര്യത്തിലും സി.പി.ഐ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. അന്ന് എൽ.ഡി.എഫ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തി സംസാരിച്ചപ്പോഴും അതിനെ പരസ്യമായി തള്ളിപ്പറഞ്ഞത് താനായിരുന്നുവെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.












