രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിനുള്ള മുംബൈ ടീമിൽ നിന്ന് മുൻ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ഒഴിവാക്കി. കളിക്കാൻ സന്നദ്ധനാണെന്ന് ഒരാഴ്ച മുമ്പ് അറിയിച്ചിട്ടും സൂര്യകുമാറിനെ ടീമിലേക്ക് പരിഗണിച്ചില്ല. എന്നാൽ, താൻ ലഭ്യമാണെന്ന് അറിയിച്ച ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ 16 അംഗ മുംബൈ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 11 മുതൽ 14 വരെ വാംഖഡെ സ്റ്റേഡിയത്തിൽ ചണ്ഡീഗഡിനെതിരെ നടക്കുന്ന മത്സരത്തോടെയാണ് മുംബൈയുടെ സീസീണിലെ ആദ്യ പോരാട്ടം തുടങ്ങുന്നത്.
റെഡ് ബോൾ ക്രിക്കറ്റിലെ മത്സര പരിചയക്കുറവാണ് സൂര്യകുമാറിനെ ഒഴിവാക്കാൻ കാരണമായി മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാർ ചൂണ്ടിക്കാട്ടിയത്. സൂര്യകുമാർ മികച്ച താരമാണെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും, കുറച്ചു മത്സരങ്ങൾ കളിച്ച് ഫോം തെളിയിച്ചാൽ തിരിച്ചെത്താമെന്നും പവാർ വ്യക്തമാക്കി. സൂര്യകുമാറിനോട് ലഭ്യത ചോദിക്കുകയും അദ്ദേഹം അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് എംസിഎ ഭാരവാഹികൾ അവകാശപ്പെട്ടു.
അതേസമയം, യശസ്വി ജയ്‌സ്വാളിന്റെ തിരിച്ചുവരവ് ടീമിന് കരുത്താകുമെന്നും ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി താരത്തിന് മത്സരപരിചയം ലഭിക്കാൻ ഇത് സഹായിക്കുമെന്നും സെലക്ഷൻ കമ്മിറ്റി വിലയിരുത്തി. സിദ്ധേഷ് ലാഡ് നയിക്കുന്ന മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റനായി അണ്ടർ-19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രയെ നിയമിച്ചു. സർഫറാസ് ഖാൻ, ഷംസ് മുലാനി, തുഷാർ ദേശ്പാണ്ഡെ, മുഷീർ ഖാൻ എന്നിവരും ടീമിലിടം നേടിയപ്പോൾ പരിക്കേറ്റ് പുറത്തായ പേസർ ശാർദൂൽ ഠാക്കൂറിന്റെ സേവനം മുംബൈയ്ക്ക് നഷ്ടമാകും.











