ന്യൂഡൽഹി: ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ‘ഇൻഡി’ മുന്നണി സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ മാർച്ചിനിടെ ഉയർന്ന രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വ്യക്തിഗത പ്രകടനങ്ങളിൽ സഖ്യകക്ഷികൾക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംയുക്ത പ്രതിപക്ഷ പ്രതിഷേധം ഒടുവിൽ ഗാന്ധി സഹോദരങ്ങളുടെയും കോൺഗ്രസിന്റെയും മാത്രം ഷോകേസായി മാറിയെന്നാണ് ഘടകകക്ഷി നേതാക്കളുടെ പ്രധാന വിമർശനം.
പ്രതിഷേധ മാർച്ചിനിടെ ആകാശവാണി ഭവന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കുത്തിയിരിപ്പ് സമരം മാധ്യമശ്രദ്ധ മുഴുവൻ കവർന്നെടുത്തിരുന്നു. മറ്റു പ്രതിപക്ഷ കക്ഷികളിലെ മുതിർന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റിയപ്പോൾ, ഗാന്ധി സഹോദരങ്ങൾ ആകാശവാണി ഭവനിൽ ഇരുന്ന് സമരം നയിക്കുകയും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തു. പ്രതിപക്ഷ സഖ്യത്തിന്റെ പേരിൽ ആസൂത്രണം ചെയ്ത സമരം ഒടുവിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മാത്രം വ്യക്തിഗത പ്രകടനമാക്കി മാറ്റിയതിൽ സഖ്യകക്ഷി നേതൃത്വങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുന്നതായാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർ്ടട് ചെയ്യുന്നത്.
വിവിധ പ്രാദേശിക പാർട്ടികളിലെ നേതാക്കൾ തെരുവിൽ പോലീസുമായി ഏറ്റുമുട്ടി അറസ്റ്റ് വരിച്ചപ്പോൾ, കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് മാത്രം വലിയ രീതിയിലുള്ള മാധ്യമ കവറേജ് ലഭിച്ചത് മുന്നണിയുടെ കൂട്ടായ്മയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ബി.ജെ.പിക്കെതിരെ ഒന്നിച്ചുനിൽക്കാൻ രൂപീകരിച്ച ‘ഇൻഡി’ മുന്നണിയിൽ ആധിപത്യം ഉറപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന നീക്കങ്ങളിൽ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി തുടങ്ങിയ മുൻനിര ഘടകകക്ഷികൾക്കും അമർഷമുള്ളതായാണ് സൂചന. വരും ദിവസങ്ങളിൽ മുന്നണിയുടെ ആഭ്യന്തര യോഗങ്ങളിൽ ഈ വിഷയം വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.












