ഡൽഹിയിൽ ഇൻഡി സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിനിടെ കടുത്ത സംഘർഷം. പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ സ്വന്തം അണികളെ കൈമുട്ടു കൊണ്ട് ഇടിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നേതാക്കളും പ്രവർത്തകരും നടത്തിയ കൂറ്റൻ റാലി ബാരിക്കേഡുകൾ വച്ച് പൊലീസ് തടഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ വൻ ഉന്തും തള്ളും രൂപപ്പെട്ടു. തിരക്കിൽപ്പെട്ട് നിരവധി പ്രവർത്തകർക്കും നേതാക്കൾക്കും നിയന്ത്രണം നഷ്ടമാകുകയും വഴിയിൽ വീഴുകയും ചെയ്തു.
ജനക്കൂട്ടത്തെയും സുരക്ഷാ ജീവനക്കാരെയും മാറ്റി മുന്നോട്ട് പോകാനുള്ള ശ്രമത്തിനിടെ രാഹുൽ ഗാന്ധി അണികളെ പിടിച്ച് തള്ളുകയും ഇടിച്ചു മാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളെ തടഞ്ഞ പൊലീസുകാരുമായി നേതാക്കൾ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ടു. മുൻനിരയിലുണ്ടായിരുന്ന എംപിമാർ ബാരിക്കേഡിന് മുകളിലൂടെ കയറാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായതോടെ കൂടുതൽ സുരക്ഷാ സേനയെ സ്ഥലത്ത് വിന്യസിക്കേണ്ടി വന്നു.
സംഭവം വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വന്തം അണികളോട് രാഹുൽ ഗാന്ധി കാണിച്ച മോശം പെരുമാറ്റമാണിതെന്ന് ഭരണപക്ഷം ശക്തമായി വിമർശിച്ചു. എന്നാൽ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും പൊലീസ് നടപടിയാണ് കാര്യങ്ങൾ വഷളാക്കിയതെന്നും കോൺഗ്രസ് പ്രതികരിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.











