ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ബൗളർമാരുടെ പട്ടിക തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലറും സ്റ്റുവർട്ട് ബ്രോഡും. ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്, ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരൻ എന്നിവരെ മറികടന്ന് ഇന്ത്യൻ പേസ് നിരയുടെ കരുത്തായ ജസ്പ്രീത് ബുംറ പട്ടികയിൽ മൂന്നാം സ്ഥാനം നേടി. ഇരുവരും ചേർന്ന് അവതരിപ്പിക്കുന്ന ‘ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലാണ് ഈ മികച്ച ബൗളർമാരെ തിരഞ്ഞെടുത്തത്.
ഓസ്ട്രേലിയയുടെ അന്തരിച്ച ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ ഒന്നാം സ്ഥാനവും, ഇംഗ്ലണ്ടിന്റെ ഏറ്റവും വിജയകരമായ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 243 മത്സരങ്ങളിൽ നിന്ന് 18 അഞ്ച് വിക്കറ്റ് നേട്ടങ്ങളോടെ 511 വിക്കറ്റുകൾ നേടിയിട്ടുള്ള ബുംറയെ മികച്ച പ്രകടന മികവിലാണ് മൂന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടുതവണ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ബുംറ. പട്ടികയിൽ മൂന്ന് ലോകകപ്പ് കിരീടങ്ങൾ നേടിയ ഓസ്ട്രേലിയൻ മുൻ താരം ഗ്ലെൻ മഗ്രാത്ത് നാലാം സ്ഥാനത്തും ഓസ്ട്രേലിയയുടെ നിലവിലെ നായകൻ പാറ്റ് കമ്മിൻസ് അഞ്ചാം സ്ഥാനത്തുമാണ് എത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരന് ആറാം സ്ഥാനമാണ് ഇരുവരും നൽകിയത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, കാഗിസോ റബാഡ, ഷോൺ പൊള്ളോക്ക് എന്നിവർ യഥാക്രമം ഏഴ്, എട്ട്, ഒൻപത് സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ പത്താം സ്ഥാനം ഓസ്ട്രേലിയയുടെ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിന് ലഭിച്ചു. അതേസമയം ആർ. അശ്വിൻ, നാഥൻ ലിയോൺ, രവീന്ദ്ര ജഡേജ, അനിൽ കുംബ്ലെ തുടങ്ങിയ പ്രമുഖർ ഈ പട്ടികയിൽ ഇടംപിടിച്ചില്ല.











