ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ സെലക്ടർമാർ കൂടുതൽ വ്യക്തത പുലർത്തണമെന്ന് മുതിർന്ന ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. പ്രായം നോക്കിയല്ല, മറിച്ച് കളിക്കാരുടെ ഫോണും കായികക്ഷമതയും അടിസ്ഥാനമാക്കിയാകണം ടീം സെലക്ഷൻ എന്ന് അദ്ദേഹം ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യത്തിനായി വീണ്ടും കളിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും, പ്രതീക്ഷകൾ നൽകാതെ കളിക്കാരോട് സെലക്ടർമാർ കാര്യങ്ങൾ തുറന്നുപറയുന്നതാണ് കൂടുതൽ നല്ലതെന്നും 38-കാരനായ ഉമേഷ് അഭിപ്രായപ്പെട്ടു. തനിക്കൊപ്പം പരിക്കിന്റെ പിടിയിലായ മുഹമ്മദ് ഷമിക്കും ഇത്തരം വ്യക്തത ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ പരിക്കിന്റെ കാലഘട്ടത്തിൽ വിതർഭ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും തനിക്ക് അർഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് ഉമേഷ് യാദവ് തുറന്നടിച്ചു. വിതർഭ ടീമിൽ നിന്ന് തന്നെ പുറത്താക്കാനാണ് അവിടുത്തെ കോച്ച് ശ്രമിച്ചതെന്നും, സീനിയർ കളിക്കാരനായ താൻ പുറത്തായാൽ ടീമിൽ തന്റെ ആധിപത്യം സ്ഥാപിക്കാമെന്ന് കോച്ച് കരുതിയതായും ഉമേഷ് ആരോപിച്ചു. അതിനാൽ തന്നെ 18 വർഷത്തോളം കളിച്ച വിതർഭ വിട്ട് 2026-27 ആഭ്യന്തര സീസണിന് മുന്നോടിയായി പഞ്ചാബ് ടീമിലേക്ക് താൻ മാറിയതായും താരം വ്യക്തമാക്കി.












