വാരണാസി: ആദ്യമായി വാരണാസി സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവം പലപ്പോഴും വാക്കുകളിൽ വിവരിക്കാൻ കഴിഞ്ഞെന്നു വരില്ല. ക്ഷേത്രങ്ങൾ, പവിത്രമായ ഗംഗാ നദി, നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന പാരമ്പര്യങ്ങൾ, പ്രാദേശിക ഭക്ഷണങ്ങൾ എന്നു തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് പുരാതന നഗരമായ വാരണാസി ലോകമെമ്പാടുമുള്ള സഞ്ചാരികളെ കാലങ്ങളായി ആകർഷിക്കുന്നത്. ആദ്യമായി സന്ദർശിച്ച് ആറേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും വാരണാസിയിലേക്ക് എത്തിയിരിക്കുകയാണ് ട്രാവൽ ക്രിയേറ്ററായ ജെസീക്ക സവാനോ എന്ന യുഎസ് സ്വദേശിനി. വാരണാസിയുടെ ആത്മീയ അന്തരീക്ഷത്തെക്കുറിച്ചും മണികർണ്ണിക ഘാട്ടിലെ അനുഭവങ്ങളെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിലൂടെ ജെസീക്ക പങ്കുവെച്ച കാഴ്ചകളും കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ കാശിയുടെ വൈവിധ്യമാർന്ന ഭാഗങ്ങളിലേക്കാണ് സവാനോ പ്രേക്ഷകരെ കൂട്ടി കൊണ്ടുപോകുന്നത്. “ഇന്ത്യയിലെ വാരണാസി, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും ഇന്നും സജീവവുമായ നഗരങ്ങളിലൊന്ന്. ഇന്ത്യയിലെ ഏറ്റവും തീവ്രമായ അനുഭവങ്ങൾ സമ്മാനിക്കുന്നതും അതേസമയം ആഴമേറിയ ആത്മീയത നിറഞ്ഞതുമായ ഒരിടം. പുനർജന്മത്തിന്റെ ചക്രം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഹിന്ദുക്കൾ മരണത്തിനായി ഇവിടേക്ക് എത്തിച്ചേരുന്നു. രാപ്പകൽ ഭേദമില്ലാതെ ഗംഗാ നദിക്കരയിൽ ചിതകൾ എരിഞ്ഞുകൊണ്ടിരിക്കുന്നു. യഥാർത്ഥ ജീവിതത്തെയും മരണത്തെയും കുറിച്ച് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്ന നഗരമാണിത്. ചില സമയങ്ങളിൽ ഇതൊരു സമാന്തര പ്രപഞ്ചം പോലെ അല്ലെങ്കിൽ മറ്റൊരു ഗ്രഹത്തിൽ എത്തിയതുപോലെയൊക്കെ തോന്നാം,” ജെസീക്ക വീഡിയോയിൽ വികാരഭരിതയായി പറയുന്നു.
ദശാശ്വമേധ് ഘാട്ടിലെ പ്രശസ്തമായ വൈകുന്നേരത്തെ ഗംഗാ ആരതി കാണാൻ എത്തിയ അനുഭവവും മണികർണ്ണിക ഘാട്ടിലെ കാഴ്ചകളും അവർ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസവും 150 മുതൽ 200 വരെ മൃതദേഹങ്ങളാണ് മണികർണ്ണിക ഘാട്ടിൽ സംസ്കരിക്കപ്പെടുന്നത്. ഇവിടെ കത്തിയെരിയുന്ന ചിതകളും വായുവിൽ പറക്കുന്ന ചാരവും കണ്ടപ്പോൾ ഏതൊരു മനുഷ്യന്റെയും അഹങ്കാരം ഇല്ലാതാകുമെന്നും, മനുഷ്യൻ ഒടുവിൽ വെറുമൊരു മണ്ണും ചാരവുമാണെന്ന സത്യം തികഞ്ഞ ശാന്തതയോടെ താൻ തിരിച്ചറിഞ്ഞെന്നും ജെസീക്ക കൂട്ടിച്ചേർത്തു.
വാരണാസിയുടെ പാരമ്പര്യവും ആത്മീയതയും അനുഭവിക്കുന്നതിനൊപ്പം സ്ട്രീറ്റ് ഫുഡുകൾ ആസ്വദിക്കാനും അവർ സമയം കണ്ടെത്തി. കാശിയുടെ തനത് വിഭവങ്ങളും തട്ടുകടകളിലെ ഭക്ഷണവും രുചിച്ച ശേഷമാണ് അവർ മടങ്ങിയത്. സോഷ്യൽ മീഡിയയിൽ പ പ്രചരിക്കുന്ന നെഗറ്റീവ് വാർത്തകളും തെറ്റിദ്ധാരണകളും മാത്രം കണ്ട് ഇന്ത്യയെ വിലയിരുത്തരുതെന്നും, നേരിട്ട് വന്ന് അനുഭവിക്കുമ്പോൾ മാത്രമേ ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ അറിയാൻ സാധിക്കൂ എന്നും ജെസീക്ക വിദേശ സഞ്ചാരികളോട് അഭ്യർത്ഥിക്കുന്നു.












