2023 ഏകദിന ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം അന്ന് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ തന്നോട് നേരിട്ട് വ്യക്തമാക്കിയിരുന്നതായി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. മുൻ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് ചഹാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ടീമിന്റെ ബാറ്റിംഗ് ആഴം വർദ്ധിപ്പിക്കുന്നതിനും ഒരു അധിക പേസ് ബൗളറെ ഉൾപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് രോഹിത് വ്യക്തമാക്കിയതായി ചഹാൽ പറഞ്ഞു.
2023-ൽ താൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ പോയപ്പോഴാണ് രോഹിത് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും, ആ വ്യക്തത ലഭിച്ചതോടെ ലോകകപ്പിന് ശേഷം സെലക്ഷനെക്കുറിച്ചുള്ള അനാവശ്യ ചിന്തകൾ താൻ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലക്ഷനെക്കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കുന്നതിന് പകരം കളി ആസ്വദിക്കാൻ ആ വ്യക്തത സഹായിച്ചതായി ചഹാൽ വ്യക്തമാക്കി. 2024-ലെ ഐപിഎല്ലിൽ യാതൊരു സമ്മർദ്ദവുമില്ലാതെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചുവെന്നും, ആ പ്രകടനമാണ് 2024-ലെ ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് തന്നെ വീണ്ടും പരിഗണിക്കാൻ കാര്യമെന്നും അദ്ദേഹം പറഞ്ഞു. 2024-ലെ ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇന്ത്യ കിരീടം ചൂടിയ 2024-ലെ ടി20 ലോകകപ്പ് ടീമിൽ ഇടംനേടാനായെങ്കിലും ടൂർണമെന്റിലുടനീളം പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാത്തത് നിർഭാഗ്യകരമാണെന്നും ചഹാൽ തുറന്നുപറഞ്ഞു.
2021-ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയപ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ വിഷമം തോന്നിയിട്ടുള്ളതെന്നും താരം വെളിപ്പെടുത്തി. സ്ക്വാഡിൽ ഇടം ലഭിക്കാതിരിക്കുന്നതാണ് പ്ലേയിംഗ് ഇലവനിൽ കളിക്കാൻ സാധിക്കാത്തതിനേക്കാൾ കൂടുതൽ നിരാശ സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ലെ ഐപിഎല്ലിൽ 20.77 ശരാശരിയിലും 7.05 ഇക്കോണമിയിലും 18 വിക്കറ്റുകൾ വീഴ്ത്തിയിട്ടും ലോകകപ്പ് ടീമിൽ താൻ തഴയപ്പെടുകയായിരുന്നു. എന്നാൽ 2022-ലെ ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് ആ വർഷത്തെ ടി20 ലോകകപ്പ് സ്ക്വാഡിൽ തനിക്ക് ഇടം ലഭിച്ചതെന്നും ചഹാൽ ഓർത്തെടുത്തു.











