വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിന് ഒരുങ്ങുന്ന മലയാളി താരം സഞ്ജു സാംസൺ മികച്ച ഫോമിലാണെന്ന് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ. കഴിഞ്ഞ ഹൈദരാബാദ് ടി20 മത്സരത്തിൽ സഞ്ജു പുറത്തെടുത്ത തകർപ്പൻ പ്രകടനത്തെയും പവർപ്ലേയിലെ ബാറ്റിംഗ് രീതിയെയും നയാർ പ്രശംസിച്ചു.
കഴിഞ്ഞ മത്സരത്തിൽ 23 പന്തുകളിൽ നിന്ന് 6 ഫോറുകളും 4 സിക്സറുകളും അടക്കം 56 റൺസാണ് സഞ്ജു നേടിയത്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് നയാർ വ്യക്തമാക്കി. ജിയോഹോട്ട്സ്റ്റാറിന്റെ ‘ഗെയിം പ്ലാൻ’ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഓഫ് സ്പിന്നർ റോസ്റ്റൺ ചേസിനെതിരെ സ്ട്രൈക്ക് എടുക്കാനും അദ്ദേഹത്തിന്റെ ഓവറുകളിൽ റൺസ് കണ്ടെത്താനും താരം കാണിച്ച ധൈര്യം മികച്ചൊരു തന്ത്രപരമായ നീക്കമായിരുന്നുവെന്ന് നയാർ പറഞ്ഞു.
മികച്ച ബാലൻസോടെയും ആത്മവിശ്വാസത്തോടെയും ബാറ്റ് വീശിയ സഞ്ജുവിന്റെ ഈ ഫോം പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ബെംഗളൂരുവിൽ ഇന്ത്യക്ക് തുണയാകുമെന്നും നായർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതുവരെ 68 ഇന്നിങ്സുകളിൽ നിന്നായി 158.87 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 1,719 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. ഇതിൽ മൂന്ന് സെഞ്ചുറികളും ഉൾപ്പെടുന്നു. പരമ്പര 3-2ന് സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോൾ ബെംഗളൂരുവിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വീണ്ടുമൊരു വലിയ പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.












