‘
തിരുവനന്തപുരം: ചിന്നക്കനാലിലെ കാട്ടാന ആക്രമണവും കളക്ടറുടെ വേലി പൊളിക്കൽ ഉത്തരവും നിയമസഭയിൽ വൻ രാഷ്ട്രീയ പോരിന് വഴിവെച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നടത്തിയ പരിഹാസ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. “ഇവരെയൊക്കെ പറഞ്ഞു ധരിപ്പിക്കുന്നതിനേക്കാൾ എളുപ്പം ആനയെയും കഴുതയെയും കുരങ്ങിനെയുമൊക്കെ പറഞ്ഞു മനസ്സിലാക്കുന്നതാണ്” എന്ന മന്ത്രിയുടെ പരാമർശമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്.
ചിന്നക്കനാലിൽ കാട്ടാന ശല്യത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം തീർക്കാൻ നിർമ്മിച്ച വേലികളും മതിലുകളും നീക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ.യു. ജനീഷ് കുമാർ, കെ. രാജൻ, പി.കെ. പ്രവീൺ എന്നിവർ നൽകിയ നോട്ടീസ് തള്ളിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചു.
തുടർന്ന് സംസാരിച്ച മന്ത്രി ഷിബു ബേബി ജോൺ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ പരിഹാസം ഉയർത്തുകയായിരുന്നു. വന്യജീവികളുടെ സ്വാഭാവിക പാത തടസ്സപ്പെടുത്തി വൻകിട റിസോർട്ടുകാർ നിർമ്മിച്ച വേലികളാണ് കളക്ടറുടെ ഉത്തരവ് പ്രകാരം നീക്കുന്നതെന്നും, യഥാർത്ഥ ജനവാസ മേഖലകളിലെ നിർമ്മാണങ്ങൾ പൊളിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പിണറായി വിജയൻ ഭരണത്തിലിരുന്നപ്പോൾ ആനത്താരകൾ കൈയേറിയ വൻകിട റിസോർട്ടുകൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും, നാടിനെയും ജനങ്ങളെയും വന്യജീവികളെയും ഒരുപോലെ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ പ്രമേയം അവതരിപ്പിച്ച അംഗങ്ങളെയും പ്രതിപക്ഷത്തെയും ആക്ഷേപിക്കുന്ന രീതിയിലാണ് മന്ത്രി മറുപടി നൽകിയതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ സ്പീക്കറോട് പരാതിപ്പെട്ടു. നേരത്തെ ഇറങ്ങിപ്പോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ വനം മന്ത്രിയുടെ അപക്വവും മോശവുമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് വാക്കൗട്ട് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറുടെ ഉത്തരവ് മനുഷ്യജീവനെ അപകടത്തിലാക്കുന്നതാണെന്നും ജനങ്ങളുടെ പ്രാദേശിക പ്രതിരോധ സംവിധാനങ്ങൾ തകർക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം, ഹൈക്കോടതി നിർദ്ദേശപ്രകാരം മനുഷ്യജീവൻ രക്ഷിക്കാനും ആനത്താരകൾ പുനഃസ്ഥാപിക്കാനുമാണ് കളക്ടറുടെ നടപടിയെന്ന് ഭരണപക്ഷത്തെ മന്ത്രി എ.പി. അനിൽകുമാറും വിശദീകരിച്ചു.












