കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ തുക ഈടാക്കാൻ സ്വകാര്യ ക്യുആർ കോഡ് സ്കാനർ ഉപയോഗിച്ച് ജീവനക്കാർ നടത്തിയ തട്ടിപ്പിൽ ഏഴ് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പരാതി. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് സംഭവത്തിൽ പ്രതികളായിട്ടുള്ളത്. ഇതിൽ ബിബിൻ രാജ്പുതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളയാളൊഴികെയുള്ള മറ്റ് പ്രതികൾ കരാർ കാലാവധി കഴിഞ്ഞതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. പ്രതികളെ കോഴിക്കോട്ടെത്തിക്കാനാവശ്യമായ നടപടികൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഫാസ്റ്റ് ടാഗ് ഇല്ലാത്തതും ഡിജിറ്റൽ പേയ്മെന്റ് രീതികൾ അറിയാത്തതുമായ വാഹനയാത്രക്കാരെയാണ് ജീവനക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇത്തരം വാഹനങ്ങൾ കടന്നുപോകുമ്പോൾ ടോൾ പ്ലാസയുടെ ഔദ്യോഗിക അക്കൗണ്ടിന് പകരം ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാനർ കാണിച്ചുകൊടുത്ത് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ഇവരുടെ രീതി.
പ്രതികൾ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ടോൾ പ്ലാസ മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ഉടൻ തന്നെ മാനേജർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും സമഗ്രമായ അന്വേഷണത്തിലൂടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അന്വേഷണ ചുമതലയുള്ള എസ്.ഐ എൻ. രാജ്കുമാർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി ഊർജിതമായ അന്വേഷണം തുടരുകയാണ്.












