ന്യൂനപക്ഷങ്ങളെ കരുവാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഫൈസ് ഖാൻ. രാജ്യത്ത് അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കാൻ ചിലർ ഗൂഢശ്രമം നടത്തുകയാണെന്നും ഇന്ത്യ ഒരിക്കലും ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ലെന്നും ഇന്ത്യ ഇന്ത്യയായിത്തന്നെ തലയുയർത്തി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി കൊണാട്ട് പ്ലേസിൽ സംഘടിപ്പിക്കാനിരുന്ന റാലിയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റുമെന്ന തരത്തിൽ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡൻ്റ് നേഹ ബോറയുടേതായി പുറത്തുവന്ന പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫൈസ് ഖാൻ. ഭീഷണികളിലൂടെയോ തെരുവ് അക്രമങ്ങളിലൂടെയോ അല്ല, മറിച്ച് തെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യപരമായാണ് രാഷ്ട്രീയ പാർട്ടികൾ ജനപിന്തുണ നേടേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ മുസ്ലിംകളുടെ തോളിൽ തോക്കുവെച്ചാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരം സ്വാർത്ഥ താല്പര്യങ്ങൾക്ക് ന്യൂനപക്ഷങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും, രാജ്യത്തിൻ്റെ മതേതര പാരമ്പര്യവും ബഹുസ്വരതയും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളെയും അതിക്രമങ്ങളെയും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവ് കൊല്ലപ്പെട്ടതും ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതും ഉൾപ്പെടെയുള്ള ക്രൂരതകൾ ഓർമ്മിപ്പിച്ച അദ്ദേഹം, സമാനമായ സാഹചര്യം ഇന്ത്യയിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർക്കപ്പെടാനോ, സിഖ് മതത്തിലെ പത്ത് ഗുരുക്കന്മാരുടെ നാമങ്ങൾ മായ്ച്ചുകളയാനോ ഒരു യഥാർത്ഥ മുസ്ലിമും ആഗ്രഹിക്കില്ലെന്നും, ഹൈന്ദവ സഹോദരങ്ങൾ ചുട്ടുകൊല്ലപ്പെടുന്നത് തനിക്ക് ചിന്തിക്കാൻ പോലുമാകില്ലെന്നും അദ്ദേഹം വികാരാധീനനായി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ഒരു നീക്കവും ഇന്ത്യയിൽ വിജയിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.












