ലണ്ടൻ: പാകിസ്ഥാൻ്റെ വിഭവ ചൂഷണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ വിദേശമണ്ണിൽ സിന്ധ് ജനതയുടെ ശബ്ദമുയരുന്നു. പാകിസ്ഥാനിൽ നിന്ന് സ്വയംനിർണയാവകാശവും സിന്ധിന്റെ അതിർത്തി സുരക്ഷിതത്വവും ആവശ്യപ്പെട്ട് ലണ്ടനിൽ നടന്ന 38-ാമത് അന്താരാഷ്ട്ര സിന്ധ് സമ്മേളനത്തിൽ പ്രമേയം പാസാക്കി. വേൾഡ് സിന്ധി കോൺഗ്രസിൻ്റെ (WSC) ആഭിമുഖ്യത്തിൽ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയുടെ ഹാരോ കാമ്പസിലാണ് സുപ്രധാന സമ്മേളനം അരങ്ങേറിയത്. യുകെ, വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നായി നാനൂറിലധികം പ്രമുഖ പ്രതിനിധികളാണ് ചരിത്രപരമായ ഈ ഒത്തുചേരലിൽ പങ്കെടുത്തത്.
സിന്ധിനെ വെട്ടിമുറിച്ച് ചെറിയ ഭരണ യൂണിറ്റുകളാക്കാനും കറാച്ചിയെ പ്രവിശ്യയിൽ നിന്ന് അടർത്തിമാറ്റാനുമുള്ള പാക് ഭരണകൂടത്തിൻ്റെ രഹസ്യ അജണ്ടകളെ സമ്മേളനം ശക്തമായി അപലപിച്ചു. സിന്ധികളുടെ സ്വത്വത്തെ തകർക്കാനും പ്രദേശത്തെ സമ്പത്ത് കേന്ദ്രീകൃത ഭരണത്തിന് കീഴിലാക്കാനുമുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ഇതിനുപുറമെ, സിന്ധു നദിയിൽ പുതിയ കനാലുകൾ നിർമ്മിച്ച് ജലം വഴിതിരിച്ചുവിടാനുള്ള പാക് പദ്ധതി സിന്ധ് ഡെൽറ്റയെ പൂർണ്ണമായി തകർക്കുമെന്നും താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും ക്രൂരതകൾക്കെതിരെ പോരാടുന്ന ബലൂച്, പഷ്തൂൺ പ്രസ്ഥാനങ്ങളുടെ നേതാക്കളും സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിലെത്തി. ബലൂച് നാഷണൽ മൂവ്മെൻ്റ് ചെയർമാൻ ഡോ. നസീം ബലൂച്, ബലൂച് ഹ്യൂമൻ റൈറ്റ്സ് സെന്റർ പ്രതിനിധി ഡോ. നസീർ ദാഷ്ടി, പഷ്തൂൺ തഹഫുസ് മൂവ്മെൻ്റ് (പിടിഎം) നേതാവ് ഷാഹിദ് ഖാൻ കക്കർ എന്നിവർ തങ്ങളുടെ ജനവിഭാഗങ്ങൾ നേരിടുന്ന ഭരണകൂട വേട്ടയാടലുകളെ തുറന്നുകാട്ടി. പ്രവിശ്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ്, 2022-ലെ പ്രളയബാധിതർക്ക് ഇനിയും ലഭ്യമാകാത്ത പുനരധിവാസം തുടങ്ങിയ ഗുരുതരമായ മാനുഷിക പ്രതിസന്ധികളും സമ്മേളനം ചർച്ച ചെയ്തു.
തുടർന്ന് ഡബ്ല്യുഎസ്സി നേതാവ് ഉമേദ് ലഘാരി അവതരിപ്പിച്ച പത്ത് ഇന പ്രമേയം സമ്മേളനം ഏകകണ്ഠമായി പാസാക്കി. നിർബന്ധിത തിരോധാനങ്ങൾ അവസാനിപ്പിക്കുക, സിന്ധ് മേഖലയിലെ കോർപ്പറേറ്റ് ഭൂമി കയ്യേറ്റങ്ങൾ തടയുക, കാണാതായ പ്രിയ കുമാരി ഉൾപ്പെടെയുള്ള കുട്ടികളെ ഉടൻ കണ്ടെത്തുക, ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയുക, പൈതൃക കേന്ദ്രമായ കാരൂൺഝാർ കുന്നുകൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സിന്ധിൻ്റെ അതിർത്തികളിലും സ്വത്വത്തിലും ഒരു വിട്ടുവീഴ്ചയുമില്ലെന്നും ആഗോളതലത്തിൽ ജനകീയ മുന്നേറ്റം ശക്തമാക്കുമെന്നും വേൾഡ് സിന്ധി കോൺഗ്രസ് ചെയർപേഴ്സൺ ഡോ. ലഖു ലുഹാന മുന്നറിയിപ്പ് നൽകി.












