ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ ഭീകരാക്രമണവും തട്ടിക്കൊണ്ടുപോകലും. പരിശീലനം പൂർത്തിയാക്കി അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന 20 പൊലീസുകാരെ ആയുധധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയി. ബലൂച് വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. വെള്ളിയാഴ്ച വൈകുന്നേരം മസ്തൂംഗ് ജില്ലയിലെ ഗോർജിന പ്രദേശത്തു വെച്ച് പൊലീസ് ട്രെയിനികൾ സഞ്ചരിച്ചിരുന്ന പാസഞ്ചർ വാൻ തടഞ്ഞുനിർത്തിയാണ് അക്രമികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കലാത് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിൽ നിന്ന് പരിശീലനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന പൊലീസുകാരാണ് അക്രമികളുടെ വലയിലായത്. ക്വറ്റ-കറാച്ചി പാതയിൽ വെച്ച് വാൻ തടഞ്ഞ തോക്കുധാരികളായ അക്രമികൾ ഡ്രൈവറെയും മറ്റ് യാത്രക്കാരെയും പുറത്തുവിട്ട ശേഷം പൊലീസുകാരെ വാഹനം സഹിതം അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. മസ്തൂംഗിലും സമീപ നഗരങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, തുർബറ്റിന് സമീപം ചരക്ക് കയറ്റിവന്ന ട്രക്കുകൾ ബലൂച് വിഘടനവാദികൾ തീയിട്ട് നശിപ്പിച്ചു. ഈ സംഭവത്തിലും സൈന്യം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, പ്രവിശ്യയിൽ പാക് സുരക്ഷാ സേനയും ഭരണകൂടവും ചേർന്ന് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളും നിർബന്ധിത കാണാതാവലുകളും വൻ ജനരോഷത്തിന് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പസ്നിയിൽ പെർവേസ് എന്ന അധ്യാപകന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. വീട്ടുകാരുടെ മുന്നിൽ വെച്ച് പാക് സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത പെർവേസിനെ പിന്നീട് മരിച്ച നിലയിലാണ് കുടുംബത്തിന് കൈമാറിയത്. കസ്റ്റഡി കൊലപാതകമാണെന്ന് ആരോപണം ഉയർന്നുവെങ്കിലും പാക് ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇതുപോലെ ഓഗസ്റ്റിൽ പഞ്ചഗൂരിൽ നിന്ന് കാണാതായ ഹാത്തിം ബലൂച് എന്ന അധ്യാപകന്റെ മൃതദേഹവും ആഴ്ചകൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കസ്റ്റഡിയിലെടുത്ത അയാസ് ബലൂച് എന്ന അധ്യാപകന്റെ മൃതദേഹം അവാരാൻ ജില്ലയിലാണ് കണ്ടെത്തിയത്.
ബലൂച് യക്ജെഹ്തി കമ്മിറ്റിയുടെ (BYC) മനുഷ്യാവകാശ റിപ്പോർട്ട് അനുസരിച്ച്, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രം 507 പ്രമുഖരെയും വിദ്യാർത്ഥികളെയും ഗവേഷകരെയും പാക് സൈന്യം ബലമായി പിടിച്ചുകൊണ്ടുപോയി കാണാതാക്കിയിട്ടുണ്ട്. ഇതിൽ 32 പേരെ കസ്റ്റഡിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയിലുപേക്ഷിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
മസ്തൂംഗിൽ അടുത്തിടെ പാക് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാർക്ക് ഗുരുതരമായി പരിക്കേറ്റതും വലിയ ഭീതി പടർത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പാക് സൈന്യം ആക്രമണം നടത്തുന്നത് നിർത്തിവെക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുകയാണ്. ഇതിനിടയിലാണ് ഇപ്പോൾ വൻ പൊലീസുകാരുടെ സംഘത്തെ തന്നെ തട്ടിക്കൊണ്ടുപോയ സംഭവം പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുന്നത്.












