റിയാദ്: ഭീകരവാദ കേസിൽ ശിക്ഷിക്കപ്പെട്ട സ്വന്തം രാജ്യക്കാരായ അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനകളിൽ ചേർന്നു പ്രവർത്തിക്കുക, സുരക്ഷാ സേനയ്ക്ക് നേരെയും സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെയും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തുക, രാജ്യത്തിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ടും പിന്തുണയും നൽകുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടവർക്കാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് റോയൽ ഉത്തരവ് പ്രകാരമാണ് ശിക്ഷ നടപ്പാക്കിയത്.
അതേസമയം, രാജ്യത്തെ കടുത്ത നിയമനടപടികളുടെ ഭാഗമായി ഈ ആഴ്ച ആദ്യം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെയും വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു. മക്കയിലെ വിശുദ്ധ മസ്ജിദിൽ വെച്ച് അനാചാരവും ‘അനീതിപരമായ പ്രവർത്തികളും’ ചെയ്തുവെന്ന കേസിൽ നസ്റുൽ ഇസ്ലാം അബ്ദുൽ ബഷീർ, സിതി അക്തർ എന്നീ ബംഗ്ലാദേശി സ്ത്രീയും പുരുഷനുമാണ് ശിക്ഷിക്കപ്പെട്ടത്. ഇസ്ലാമിക നിയമത്തിലെ ‘തഅ്സീർ’ (ta’zir) വകുപ്പ് പ്രകാരമായിരുന്നു കോടതി വിധിയെന്നും, ആരാധനാലയത്തിന്റെ വിശുദ്ധി തകർത്തതിനാണ് ഈ കടുത്ത നടപടിയെന്നും സൗദി അധികൃതർ വ്യക്തമാക്കി.
എന്നാൽ, തങ്ങളുടെ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് സൗദി അറേബ്യൻ ഭരണകൂടം മുൻകൂട്ടി യാതൊരു വിവരവും നൽകിയിരുന്നില്ലെന്ന് ബംഗ്ലാദേശ് സർക്കാർ ആരോപിച്ചു. ഇത് നയതന്ത്ര തലത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് ജനറൽ ഇത് സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക നയതന്ത്ര കുറിപ്പ് (Note Verbale) നൽകുകയും സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര ക്രമസമാധാനത്തിനും ഭീഷണിയാകുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെയും ആത്മീയ കേന്ദ്രങ്ങളുടെ വിശുദ്ധി ലംഘിക്കുന്ന നടപടികൾക്കെതിരെയും വച്ചുപൊറുക്കലില്ലാത്ത നിലപാടാണ് സൗദി അറേബ്യ സ്വീകരിക്കുന്നത്. ഏത് രാജ്യക്കാരനായാലും സൗദി നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന മുന്നറിയിപ്പാണ് ഈ അടുത്തിടെയുണ്ടായ അതിവേഗ വധശിക്ഷകളിലൂടെ ഭരണകൂടം നൽകുന്നത്.












