തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുമായി കേരള പൊലീസ്. റോഡപകടങ്ങളും ദാരുണമായ മ മരണങ്ങളും തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പ്രത്യേക മിന്നൽ പരിശോധനയിൽ (സ്പെഷ്യൽ ഡ്രൈവ്) 6,199 പേർക്കെതിരെ കേസെടുത്തു. ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നേരിട്ടുള്ള നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ മേൽനോട്ടത്തിലാണ് സംസ്ഥാനവ്യാപകമായി വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന പൂർത്തിയാക്കിയത്.
കേസുകളുടെ എണ്ണത്തിൽ ജില്ലകളിൽ എറണാകുളം റൂറലാണ് ഒന്നാമത്. എറണാകുളം റൂറലിൽ മാത്രം 710 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രേഖപ്പെടുത്തി. അതേസമയം, ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ്; 75 കേസുകൾ.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിഷ്കളങ്കരായ മനുഷ്യരുടെ ജീവനെടുക്കുന്ന കടുത്ത കുറ്റകൃത്യമാണെന്നും റോഡപകടങ്ങൾ ലഘൂകരിക്കുന്നതിന് ഇത്തരം കർശനമായ വാഹന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും എഡിജിപി പി. വിജയൻ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത ശിക്ഷാനടപടികൾക്കായി റിപ്പോർട്ട് കൈമാറുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.












