ടെൽ അവീവ്: അമേരിക്കൻ വിദേശനയങ്ങളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ മുന്നിൽക്കണ്ട് ഇന്ത്യ ഉൾപ്പെടെയുള്ള വൻശക്തികളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഡോണാൾഡ് ട്രംപിന് ശേഷം ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു അമേരിക്കൻ പ്രസിഡന്റ് അധികാരത്തിൽ വന്നേക്കാമെന്ന ഭയം നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ രാജ്യത്തിന്റെ ഭാവിയും സുരക്ഷയും ഭദ്രമാക്കാൻ ബദൽ പങ്കാളിത്തങ്ങൾ അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ നിലവിലെ ഭരണകാലാവധി പരമാവധി പ്രയോജനപ്പെടുത്തി ഇസ്രായേലിന്റെ അന്താരാഷ്ട്ര നില ഭദ്രമാക്കണമെന്ന് ചൂണ്ടിക്കാട്ടിയ നെതന്യാഹു, അമേരിക്കയെ മാത്രം പൂർണ്ണമായി വിശ്വസിച്ച് മുന്നോട്ടുപോകാനാവില്ലെന്ന സൂചനയും നൽകി. “അമേരിക്കയിൽ ഭാവിയിൽ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകാം. അതിനാൽ നമ്മുടെ മേഖലയിലും പുറത്തുമുള്ള മറ്റ് പ്രധാന രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ഇന്ത്യ ചെറിയൊരു രാജ്യമേയല്ല, ലോകവേദിയിൽ വലിയ സ്വാധീനമുള്ള വൻശക്തിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇസ്രായേലിന് നിർണായകമാണ്” – നെതന്യാഹു വ്യക്തമാക്കി.
ഇന്ത്യയ്ക്ക് പുറമെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും ഇസ്രായേൽ തങ്ങളുടെ നയതന്ത്ര വിപുലീകരണത്തിന് പ്രയോജനപ്പെടുത്തണം. ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ വരാനിരിക്കുന്ന ഭരണമാറ്റങ്ങൾ ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പാണ് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പരാമർശങ്ങൾ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.











