മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണസംഘം നിർമ്മിച്ച വ്യാജ മൊഴി പുറത്തുവന്നതോടെ കേസ് പുതിയ തിരിവിലേക്ക്. റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിയാണ് കേസിൽ തന്റേതായി രേഖപ്പെടുത്തിയത് വ്യാജ മൊഴിയാണെന്ന് വെളിപ്പെടുത്തിയത്. കെ.എസ്.യു അക്രമത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ പറഞ്ഞതായി ആദ്യ അന്വേഷണസംഘം കള്ളമൊഴി ഉണ്ടാക്കുകയായിരുന്നുവെന്നും യഥാർത്ഥത്തിൽ അവർ തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകി.
ഇതിനിടെ, കേസിൽ തെറ്റായ മൊഴി നൽകിയ വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ ഡി.ജി.പിക്ക് അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എസ്.ഐ.ടി തീരുമാനിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ ആയുധമുപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന അഭിലാഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നത്. എന്നാൽ, പിന്നീട് എസ്.ഐ.ടിക്ക് മുന്നിൽ ഇയാൾ മൊഴി തിരുത്തുകയും മന്ത്രിയെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ വീണാ ജോർജ് കൂടുതൽ കുരുക്കിലാവുകയും വിഷയത്തിൽ മുൻ മന്ത്രി മാപ്പ് പറയണമെന്ന് അബിൻ വർക്കി എം.എൽ.എ ആവശ്യപ്പെടുകയും ചെയ്തു.
എസ്.ഐ.ടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം കേസിൽ പ്രതികളായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പെടെ അഞ്ച് പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, ഗൺമാന്റെ വ്യാജ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പോലീസ് ഇൻസ്പെക്ടറുടെ മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.








