കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോയാൽ മാത്രമേ താൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയുള്ളൂവെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. റീപ്പബ്ലിക് ഭാരത് നടത്തിയ രഹസ്യ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി മലേഷ്യയിൽ ഒളിവിൽ കഴിയുന്ന സാക്കിർ നായിക് വെളിപ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേട്, ഭീകരവാദ ഫണ്ടിംഗ്, വർഗീയമായി ചേരിതിരിക്കുന്ന പ്രസംഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരയുന്ന കുറ്റവാളിയാണ് ഇയാൾ. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ തിരിച്ചെത്തിയാൽ താൻ തടവിലാക്കപ്പെടുമെന്നും പിന്നീട് രാജ്യത്തിന് പുറത്തുകടക്കാൻ കഴിയില്ലെന്നും ഭയപ്പെടുന്നതായി നായിക് തുറന്നുപറഞ്ഞു.
ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം ലക്ഷ്യമിട്ട് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘കോക്ക്റോച്ച് ജന്ത പാർട്ടി’ (സി.ജെ.പി) പ്രവർത്തകർക്ക് ഇയാൾ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യസർക്കാർ അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ സാക്കിർ നായിക്, രാഹുൽ ഗാന്ധിയാണ് ബി.ജെ.പിയേക്കാൾ ഭേദമെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സഖ്യത്തിലൂടെ അധികാരം പിടിക്കണമെന്നും, ബി.ജെ.പി പൂർണ്ണമായും തകരുന്നതുവരെ താൻ ഇന്ത്യയിലേക്ക് കാലുകുത്തില്ലെന്നും ഇയാൾ തുറന്നടിച്ചു.
2016-ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട സാക്കിർ നായിക് നിലവിൽ മലേഷ്യയിലെ ക്വാലാലംപൂരിലാണ് കഴിയുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇയാളുടെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) അവിഹിത സംഘടനയായി പ്രഖ്യാപിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യു.എ.പി.എ) കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. കൂടാതെ വർഗീയ വിഷം ചീറ്റുന്ന ഇയാളുടെ ‘പീസ് ടി.വി’ സംപ്രേഷണവും ഇന്ത്യ തടഞ്ഞിരുന്നു. മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് സ്ഥിരതാമസാനുമതി നൽകിയെങ്കിലും, വംശീയവും വർഗീയവുമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് മലേഷ്യയിലും ഇയാൾക്ക് പൊതുപ്രസംഗങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.








