ഐക്യരാഷ്ട്രസഭയിലെ ഭീകരവിരുദ്ധ റിപ്പോർട്ടിൽ ഉയർന്ന വസ്തുതാവിരുദ്ധതയ്ക്കും പക്ഷപാതിത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. കുപ്രസിദ്ധ ഭീകരൻ ദാവൂദ് ഇബ്രാഹിം “ഇന്ത്യ ആസ്ഥാനമായുള്ള” ഡി-കമ്പനിയുടെ തലവനാണെന്ന യു.എൻ സ്പെഷ്യൽ റാപ്പർട്ടർ ബെൻ സോളിന്റെ പരാമർശത്തിനെതിരെയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. വസ്തവവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവിടുന്നതും അതിന് ഉത്തരവാദിത്തം ഏൽക്കാത്തതും അംഗീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ നയതന്ത്രജ്ഞൻ രഘു പുരി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇത്തരം അപക്വമായ റിപ്പോർട്ടുകൾ പുറത്തുവരുന്നതെന്നും ഇത് സംഘടനയ്ക്ക് വലിയ ദോഷം ചെയ്യുമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
ദാബൂദ് ഇബ്രാഹിം ഇന്ത്യ തിരയുന്ന കുറ്റവാളിയാണെന്നും അവൻ ഒളിവിൽ കഴിയുന്നത് ഒസാമ ബിൻ ലാദനെ കണ്ടെത്തി വധിച്ച പാകിസ്ഥാനിലാണെന്നും ഇന്ത്യ ആവർത്തിച്ചു. 1993-ൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം രാജ്യം വിട്ട ദാവൂദ് ഇബ്രാഹിം, വിദേശത്തിരുന്നാണ് അൽ ഖ്വയ്ദയുമായും ബിൻ ലാദനുമായും ബന്ധം പുലർത്തിയതെന്നും തുടർന്ന് 2003-ൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെടുകയായിരുന്നെന്നും രഘു പുരി ഓർമ്മിപ്പിച്ചു.
ഈ വസ്തുതകൾ മറച്ചുവെച്ച് ദാവൂദ് ഇന്ത്യ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെന്ന് ചിത്രീകരിക്കുന്നത് തികച്ചും ഖേദകരമാണ്. മനുഷ്യകാശ ചട്ടക്കൂടുകളെ ഭീകരവാദികൾ തങ്ങളുടെ ക്രൂരകൃത്യങ്ങൾക്ക് മറയാക്കാൻ അനുവദിക്കില്ലെന്നും ഭീകരവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
യോഗത്തിൽ പാകിസ്ഥാൻ പ്രതിനിധി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് മറുപടിയായി ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അത് എന്നെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെ യഥാർത്ഥ ഭരണാധികാരികളായ സൈന്യത്തിന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള കേവലം പ്രചാരണം മാത്രമാണ് ഇത്തരം പ്രസ്താവനകളെന്നും ഇന്ത്യ തിരിച്ചടിച്ചു. രാഷ്ട്രീയ സമ്മർദ്ദത്തിനോ രാജ്യങ്ങളെ ലക്ഷ്യമിടുന്നതിനോ ഉള്ള ആയുധമാക്കരുതെന്നും ഉത്തരവാദിത്തവും സുതാര്യതയും നിലനിർത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ബർഖ തമ്രകർ യു.എൻ പൊതുസഭയിൽ വ്യക്തമാക്കി.








