ഫ്രാൻസിലെ കുടിയേറ്റ നയങ്ങളെയും രാജ്യത്തെ പ്രതിഷേധങ്ങളെയും രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം കത്തിയെരിയാൻ കാരണമെന്ന് ജോർജിയയിലെ പെറിയിൽ നടന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. ഫ്രാൻസിൽ പോലീസുകാരുണ്ടെങ്കിലും അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നില്ലെന്നും ഇത്തരം ആളുകളെ ഒരിക്കലും സ്വന്തം രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഫ്രാൻസിലെ സാഹചര്യം ചൂണ്ടിക്കാട്ടി അമേരിക്കൻ കുടിയേറ്റ നയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് അമേരിക്കൻ സംസ്കാരത്തെ കൊള്ളയടിക്കാൻ നോക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. വിദേശ കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചുവരുന്നത്. ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം മൂന്ന് ലക്ഷത്തിലധികം വിസകളാണ് റദ്ദാക്കിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ടി.സി.എസ്, ഇൻഫോസിസ് ഉൾപ്പെടെയുള്ള എട്ട് പ്രമുഖ ഐ.ടി കമ്പനികളുടെ നിർദ്ദിഷ്ട ഗ്രീൻ കാർഡ് അപേക്ഷകൾ അമേരിക്ക മരവിപ്പിക്കുകയും തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഫ്രാൻസിലെ പ്രതിഷേധങ്ങൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതല്ലെന്ന ട്രംപിന്റെ വാദത്തിന് വിരുദ്ധമായി, വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയുമാണ് ഫ്രാൻസിൽ വിദ്യാർഥികളും പൊതുജനങ്ങളുമുൾപ്പെടെയുള്ളവർ തെരുവിലിറങ്ങിയിരിക്കുന്നത്. പാരീസിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടാവുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.
ലിയോൺ, മാഴ്സെ, ലില്ലെ, ടൗലൂസ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രതിഷേധം പടർന്നിട്ടുണ്ട്. രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങിയെന്ന് ഫ്രഞ്ച് ഭരണകൂടവും എട്ട് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് സംഘാടകരും അവകാശപ്പെടുന്ന ഈ പ്രക്ഷോഭത്തിൽ നൂറോളം പ്രതിഷേധക്കാരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.










