സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ മാപ്പ് പറഞ്ഞെന്ന് കെപിസിസി. സംഭവത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ വക്കീൽ നോട്ടീസിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മറുപടി നൽകി. വിവാദ പോസ്റ്റ് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും അത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും മറുപടിയിൽ വിശദീകരിച്ചു. പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായും കെപിസിസി വ്യക്തമാക്കി. വിജയ് തോട്ടത്തിലാണ് വിവാദ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ തടസ്സങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള പ്രതിഷേധമായിരുന്നു കുറിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്.
‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്ന പരാമർശമുൾപ്പെടെയുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ കോൺഗ്രസ് കേരള ഘടകം ഉടൻ പിൻവലിച്ചിരുന്നു. സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്. പോസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കിയ കെപിസിസി, സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിക്കെതിരെ നടപടിയെടുത്തതായും അറിയിച്ചു.










