കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽസി പുട്ടണ്ണയെ പരാജയപ്പെടുത്തി ബിജെപി–ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാർഥി എ.പി. രംഗനാഥ് വിജയിച്ചു. ഇതോടെ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് എൻഡിഎ പിടിച്ചെടുത്തു. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടും കോൺഗ്രസ് പരാജയപ്പെട്ടതിനെ ചൂണ്ടിക്കാട്ടി ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി പരിഹാസവുമായി രംഗത്തെത്തി.
10,810 വോട്ടുകളാണ് രംഗനാഥ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥിയായ പുട്ടണ്ണയ്ക്ക് 9,902 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 908 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രംഗനാഥിന്റെ വിജയം. ജെഡിഎസ് നേതാവായ രംഗനാഥ് ബിജെപി–ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് മത്സരിച്ചത്. 2023ൽ ജെഡിഎസ് വിട്ട് കോൺഗ്രസിലെത്തിയ പുട്ടണ്ണയ്ക്ക് സ്വന്തം സീറ്റ് നിലനിർത്താനായില്ല.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് നിഖിൽ കുമാരസ്വാമി രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ക്രമക്കേട് നടത്തിയിട്ടാണ് വിജയിക്കുന്നതെന്ന ആരോപണം കോൺഗ്രസ് ഇനി ഉന്നയിക്കുമോയെന്നായിരുന്നു രാഹുൽ ഗാന്ധിയെ പരാമർശിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യം. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടും കോൺഗ്രസിന് പരാജയം നേരിടേണ്ടിവന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ഭരണവും തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരവും കോൺഗ്രസിന്റെ കൈയിലായിരിക്കെ തോൽവിക്ക് എന്ത് ന്യായീകരണമാണ് ഇനി നൽകുകയെന്നും നിഖിൽ എക്സിൽ കുറിച്ചു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, മന്ത്രിമാർ തുടങ്ങിയവർ നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും പാർട്ടിക്ക് സീറ്റ് നിലനിർത്താനായില്ല. ബെംഗളൂരുവിലെ നാല് ലെജിസ്ലേറ്റീവ് കൗൺസിൽ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബർ 23ന് തിരഞ്ഞെടുപ്പ് നടന്നത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾ മുന്നേറുന്നതായാണ് റിപ്പോർട്ടുകൾ.










