ഗുരു യുവരാജ് സിംഗിന്റെ റെക്കോർഡ് തകർക്കുക എളുപ്പമല്ലെന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ്മ. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് യുവരാജിന്റെ വെല്ലുവിളിയോട് അഭിഷേക് പ്രതികരിച്ചത്. മത്സരത്തിൽ 15 പന്തിൽ അർദ്ധശതനം തികച്ച അഭിഷേക് ശർമ്മ 35 പന്തിലാണ് സെഞ്ച്വറിയിലെത്തിയത്.
മുൻ താരം യുവരാജ് സിംഗിന്റെ കടുത്ത ആരാധകനായ അഭിഷേക് അദ്ദേഹത്തിൽ നിന്നാണ് ബാറ്റിംഗ് ഉപദേശങ്ങൾ സ്വീകരിക്കുന്നത്. 2007 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധശതനം നേടി യുവരാജ് കുറിച്ച റെക്കോർഡ് ഇന്തൻ താരങ്ങളിൽ ഇന്നും വേഗമേറിയതാണ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഈ നേട്ടത്തിനടുത്തെത്തിയെങ്കിലും 15 പന്തിലാണ് അഭിഷേക് അർദ്ധശതനം പൂർത്തിയാക്കിയത്. മത്സരത്തിന് പിന്നാലെ “എങ്കിലും നീ 12 പന്തിൽ 50 അടിച്ചില്ലല്ലോ” എന്ന് ചോദിച്ച് യുവരാജ് എക്സിൽ തമാശയായി പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതിന് മറുപടിയായാണ് അന്നത്തെ ക്രിക്കറ്റും ഇന്നത്തെ ക്രിക്കറ്റും തമ്മിൽ വ്യത്യാസമുണ്ടെന്നും 12 പന്തിൽ 50 അടിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും അഭിഷേക് വ്യക്തമാക്കിയത്. റെക്കോർഡുകൾക്ക് പിന്നാലെ ഓടുകയല്ല, മറിച്ച് ടീമിന് വിജയം സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോച്ചിംഗ് സ്റ്റാഫിന്റെ പിന്തുണയും കഠിനമായ നെറ്റ്സ് പ്രാക്ടീസുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും താരം വെളിപ്പെടുത്തി. മൂന്നാം ടി20യിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.











