പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷാണ് അറസ്റ്റിലായത്. സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇവരുടെ അറസ്റ്റ് വൈകുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കേസ് അന്വേഷണം തടയുന്ന തരത്തിൽ യാതൊരു നിലപാടും കോടതി എടുക്കാഞ്ഞിട്ടും സർക്കാർ എന്തുകൊണ്ടാണ് കൃത്യമായ നടപടിയിലേക്ക് കടക്കാത്തതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി കടുത്ത ഭാഷയിൽ ചോദിച്ചിരുന്നു. കൂടാതെ കേസിൽ ഒത്തുകളി നടക്കുന്നതായും കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുൻ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തുകൊണ്ടുള്ള നിർണായക നടപടിയിലേക്ക് ക്രൈംബ്രാഞ്ച് കടന്നത്. അടുത്തിടെയാണ് പിഎസ്‌സിയിൽ നിന്ന് പി. സതീഷ് വിരമിച്ചത്. വിഷയത്തിൽ തട്ടിപ്പല്ല, മറിച്ച് സാങ്കേതിക പിഴവാണ് സംഭവിച്ചത് എന്നായിരുന്നു സതീഷും കുറ്റാരോപിതനായ മറ്റൊരു ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
എന്നാൽ ക്രമക്കേടിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.











