വഡോദരയിൽ നടന്ന ഏകദിന പരമ്പരയിൽ സിംബാബ്‌വെയ്ക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളായ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പരമ്പര 3-0ത്തിന് തൂത്തുവാരിയതിന് ശേഷമുള്ള മത്സരാനന്തര ചടങ്ങിൽ ഇരുതാരങ്ങളും ഹസ്തദാനം നൽകാൻ വിട്ടുപോയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, ഹർമാൻപ്രീത് അടുത്തെത്തുമ്പോൾ സ്മൃതി മന്ദാന എതിർദിശയിലേക്ക് നോക്കുന്നത് വ്യക്തമാണ്. ക്യാപ്റ്റൻ സ്ഥാനത്ത് വന്ന മാറ്റത്തിന് പിന്നാലെ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് ഈ സംഭവം ആക്കംകൂട്ടിയിട്ടുണ്ട്. എങ്കിലും, ഇരുവരും ഇതുവരെയും പരസ്യമായി യാതൊരുവിധ പ്രശ്നങ്ങളും സ്ഥിരീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റങ്ങൾ ഉണ്ടായതുമുതൽ ഇരുവരും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഹർമാൻപ്രീത് എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് സ്മൃതി മന്ദാന പുതിയ നായികയായി ചുമതലയേൽക്കുകയിരുന്നു.
ഇതിനുപിന്നാലെ ടീമിനുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ക്യാപ്റ്റൻ പദവി ഏറ്റെടുത്തതിന് ശേഷം മുൻ നായികയായ ഹർമാൻപ്രീതിന്റെ പത്തുവർഷത്തെ സേവനങ്ങളെ സ്മൃതി മന്ദാന പരസ്യമായി പ്രശംശിക്കുകയും ചെയ്തിരുന്നു. കൂടാതെ, സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഹർമാൻപ്രീത് സെഞ്ച്വറി നേടിയപ്പോൾ മന്ധാന എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നതും ആരാധകർ കണ്ടതാണ്. ഒറ്റപ്പെട്ട ഒരു ദൃശ്യത്തിന്റെ പേരിൽ മാത്രം താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് നിഗമനത്തിലെത്താൻ സാധിക്കില്ലെന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്.












