മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കണമെങ്കിൽ ട്രേഡിങ് പാക്കേജിൽ പത്തൊൻപതുകാരൻ ആയുഷ് മാത്രെയെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. മുംബൈയുമായി നടത്തുന്ന ഏത് കൈമാറ്റ ചർച്ചയിലും ആയുഷ് മ്ഹാത്രെയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ അശ്വിൻ വ്യക്തമാക്കി. മ്ഹാത്രെയെ വിട്ടുനൽകാൻ മുംബൈ തയ്യാറായില്ലെങ്കിൽ പകരം ശിവം ദുബെയ്‌ക്കൊപ്പം നഥാൻ എല്ലിസ്, ഉർവിൽ പട്ടേൽ തുടങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി വലിയൊരു പാക്കേജ് ചെന്നൈ മുന്നോട്ടുവെക്കേണ്ടി വരുമെന്നും അദ്ദേഹം വിലയിരുത്തി.
ഹാർദിക് പാണ്ഡ്യയെ വിട്ടുനൽകാൻ മുംബൈ തയ്യാറാകണമെങ്കിൽ അവർക്ക് കൂടി ഗുണകരമായ ഓഫറുകൾ ചെന്നൈ നൽകേണ്ടതുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാണിച്ചു. വെറും ശിവം ദുബെയെ മാത്രം നൽകി ഹാർദിക്കിനെ സ്വന്തമാക്കാൻ മുംബൈ തയ്യാറാകില്ലെന്നും പകരം ആയുഷ് മ്ഹാത്രെയെയും ദുബെയെയും ഒന്നിച്ച് നൽകുകയോ അല്ലെങ്കിൽ ദുബെയ്‌ക്കൊപ്പം ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ നഥാൻ എല്ലിസ്, വിക്കറ്റ് കീപ്പർ ബാറ്ററായ ഉർവിൽ പട്ടേൽ എന്നിവരെ ഉൾപ്പെടുത്തിയുള്ള ബിഗ് പാക്കേജ് അവതരിപ്പിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറയുടെ മേലുള്ള ഭാരം കുറയ്ക്കാൻ നഥാൻ എല്ലിസിനെപ്പോലൊരു താരത്തിന് മുംബൈ നിരയിൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ ടീമിലെ മുൻ താരമായ ദീപക് ചഹാർ അടക്കമുള്ളവരെ ഉൾപ്പെടുത്തി മുംബൈയുമായി ഒരു വലിയ മൾട്ടി-പ്ലെയർ ഡീലിനും ചെന്നൈ ശ്രമിക്കാമെന്ന് അശ്വിൻ പറഞ്ഞു. മഹേന്ദ്ര സിങ് ധോണിയും ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള അടുത്ത സൗഹൃദം ഈ ട്രേഡ് ചർച്ചകളിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇരു ടീമുകളും കഴിഞ്ഞ ഐ.പി.എൽ സീസണിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത് എന്നതിനാൽ, വരാനിരിക്കുന്ന സീസണുകൾക്കായി വമ്പൻ മാറ്റങ്ങൾക്ക് ഇരു ഫ്രാഞ്ചൈസികളും തയ്യാറെടുക്കുന്നതിനിടയിലാണ് അശ്വിന്റെ ഈ നിർദ്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്












