പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തെച്ചിലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്ന് മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി. ഖാർഗെയുടെ പ്രസ്താവന ആലങ്കാരിക അർത്ഥത്തിലുള്ളതാണെന്നും പ്രാദേശിക ശൈലിയിൽ ഉപയോഗിക്കുന്ന ചില പദപ്രയോഗങ്ങൾ അക്ഷരാർത്ഥത്തിൽ എടുക്കരുതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
മോദിയെക്കാൾ ശക്തരായ ആരെയും പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ആ പ്രയോഗത്തിലൂടെ അർത്ഥമാക്കിയതെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നവർ ചെറിയ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച പട്നയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി എവിടേക്കും പോകില്ലെന്ന് സദസ്സിലുണ്ടായിരുന്ന ഒരാൾ പറഞ്ഞതിന് മറുപടിയായാണ് ‘മോദി കാ ബാപ് ഭി ജായേഗ’ എന്ന് ഖാർഗെ പറഞ്ഞത്.
ഈ പരാമർശം വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇത് പിതൃപദത്തെ അർത്ഥമാക്കുന്നതല്ലെന്നും ഒരു സംഭാഷണത്തിനിടയിൽ സാധാരണയായി കടന്നുവരുന്ന രൂപകപരമായി മാത്രം കാണേണ്ട ഒന്നാണെന്നുമാണ് അധീർ രഞ്ജൻ ചൗധരി ഇതിനെ ന്യായീകരിച്ചുകൊണ്ട് പ്രതികരിച്ചത്.











