വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങളിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ ബി.ജെ.പി തയ്യാറാണെന്നും, എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതിന് ഒരിക്കലും സമ്മതിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. ലഖ്നൗവിൽ നടന്ന ഉത്തർപ്രദേശ് ബി.ജെ.പി സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ജനാധിപത്യ പ്രക്രിയയെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെയും (ഇ.വി.എം) സംശയത്തിന്റെ നിഴലിൽ നിർത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പദ്ധതിയെന്ന് അമിത് ഷാ തുറന്നടിച്ചു. സഭയിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തിയാൽ പ്രതിപക്ഷത്തിന്റെ നുണക്കഥകൾ പൊളിഞ്ഞു വീഴും എന്ന ഭയത്താലാണ് അവർ ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നത്. പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകാതെ തെരുവിൽ സമര നാടകങ്ങൾ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നേരിടുന്ന ദയനീയ പരാജയങ്ങളിൽ നിന്നുള്ള ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, ഏതൊരു വേദ B യിലും ഏത് സമയത്തും ഈ വിഷയത്തിൽ തുറന്ന സംവാദത്തിന് ബി.ജെ.പി തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ ഇവയെല്ലാം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത് ഷായുടെ ഈ വെല്ലുവിളി ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇതിന് എന്ത് മറുപടി വരുമെന്നാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.









