ദർഗ്: ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയുമടക്കമുള്ള രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രതിപക്ഷം ലക്ഷ്യമിടുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങൾ കൊണ്ടുമാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നഡ്ഡ. പരീക്ഷയിൽ തോൽക്കുമ്പോൾ ഉഴപ്പനായ വിദ്യാർത്ഥി അധ്യാപകനെ കുറ്റപ്പെടുത്തുന്നതുപോലെയുള്ള മലക്കംമറിച്ചിലാണ് രാഹുൽ ഗാന്ധിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഛത്തീസ്ഗഢിലെ ദർഗിൽ ‘സേവ് ഡെമോക്രസി, റിമൂവ് അനാർക്കി’ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവും ഇലക്ഷൻ കമ്മീഷനും അന്താരാഷ്ട്ര തലത്തിൽ പോലും ഏറെ പ്രശംസ നേടിയതാണെന്ന് നഡ്ഡ ചൂണ്ടിക്കാണിച്ചു. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്കും വ്യക്തിപരമായ താൽപ്പര്യ സംരക്ഷണത്തിനുമായി ചില നേതാക്കൾ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാജ്യത്തിന്റെ പരമോന്നത സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതാണ്. തെറ്റായ നടപടിക്രമങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണങ്ങളിലൂടെ ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









