ഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്‍. ധവെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക.
ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടപ്പാക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജമ്മു കശ്മിര്‍, കര്‍ണാടകത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ സംഘടന എന്നിവ അടക്കമുള്ളവയാണ് സുപ്രീം കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ജമ്മു കശ്മീരിനുവേണ്ടി മുതിര്‍ന്ന ആഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വേണ്ടി കെ.കെ. വേണുഗോപാലും ഹാജരാകും.
നീറ്റിന്റെ ആദ്യഘട്ടം ഇന്നലെ നടന്നു. രണ്ടാംഘട്ടം ജൂലൈ 24നാണ്. പ്രവേശനത്തിനും കൗണ്‍സിലിങ്ങിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുന്നതു വരെ ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ കമ്മിറ്റിക്കും സുപ്രീം കോടതി രൂപം നല്‍കിയിട്ടണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധ, മുന്‍ സിഎജി വിനോദ് റായി, ഡോക്ടര്‍ ശിവ സരിന്‍ എന്നിവരാണ് അംഗങ്ങള്‍.
Discussion about this post