ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിന് വിശദീകരണം നല്കാന് ഇന്നത്തേക്ക് മാറ്റുകയായിരുനന്. കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ഇന്ന് ചോദിച്ചിരുന്നു.
ഇതിനുള്ള മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടത്. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലാണ് വാദം തുടരുന്നത്.
മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ ഹരിഷ് റാവത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കി. വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഏപ്രില്‍ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി അന്തിമ വിധി വരുന്ന മെയ് ആറ് വരെ രാഷ്ട്രപതി ഭരണം തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post