ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ എസ്എന്‍ഡിപി, കെപിഎംഎസ്, യോഗക്ഷേമ സഭ തുടങ്ങിയ സാമുദായിക സംഘടനകളുടെ ആശിര്‍വ്വാദത്തില്‍ രാഷ്ട്രീയ കുതിച്ച് ചാട്ടത്തിനൊരുങ്ങുകയാണ് ബിഡിജെഎസ് എന്ന ഈ തെരഞ്ഞെടുപ്പിന് മുന്‍പ് മാത്രം ഉദയം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി. എന്‍ഡിഎയുടെ രണ്ടാം കക്ഷിയായ ബിഡിജെഎസ് കേരള രാഷ്ട്രീയത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുമെന്ന സൂചനയാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം പകരുന്നത്.
ഒരു സീറ്റില്‍ ജയിച്ച് അക്കൗണ്ട് തുറക്കും, ചിലപ്പോള്‍ ഒന്നിലധികം സീറ്റുകളില്‍ ജയിച്ച് കയറും, പലയിടത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ നിര്‍ണായക ശക്തിയാകും. ചിലയിടങ്ങളില്‍ രാഷ്ട്രീയ ശത്രുക്കളുടെ തോല്‍വിയില്‍ നിര്‍ണായക ഇടപെടല്‍ നടത്തും എന്നിങ്ങനെ ബിഡിജെഎസ് മുന്നോട്ട് വെക്കുന്ന കണക്ക് കൂട്ടലുകള്‍ ഏറെയാണ്.
മധ്യകേരളത്തില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ കാഴ്ച വെക്കുന്നതെന്നാണ് എതിരാളികള്‍ പോലും സമ്മതിക്കുന്നത്. എസ്എന്‍ഡിപി -മൈക്രോഫിനാന്‍സ് ശാഖകളെ മുന്‍നിര്‍ത്തി സ്ത്രീകളെയും യുവാക്കളെയും രംഗത്തിറക്കിയുള്ള പ്രചരണം ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. സ്ഥിരം രാഷ്ട്രീയ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഊര്‍ജ്ജസ്വലമായ ഒരു യുവനിരയെ രംഗത്തിറക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞിട്ടുണ്ട്. അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഈ പുതിയ രാഷ്ട്രീയ നിര വലിയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ബിഡിജെഎസ് ചില മണ്ഡലങ്ങളില്‍ നടത്തുന്ന മുന്നേറ്റവും ഇത്തവണ തെരഞ്ഞെടുപ്പിന് പ്രവചനാതീതമാക്കുന്നുണ്ട്. കുട്ടനാട്, കോവളം, ഉടുമ്പന്‍ചോല, പൂഞ്ഞാര്‍, റാന്നി എന്നിവടങ്ങളില്‍ ജയത്തിനോട് അടുത്താണ് ബിഡിജെഎസ് പോരാട്ടം. കുട്ടനാട് സുഭാഷ് വാസു ജയിക്കുമെന്ന് ബിഡിജെഎസ് കേന്ദ്രങ്ങള്‍ തറപ്പിച്ചു പറയുന്നു. പൂഞ്ഞാറിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഏറെ മുന്നിലാണ്. കൊടുങ്ങല്ലൂര്‍ ഉള്‍പ്പടെ ആറ് മണ്ഡലങ്ങളില്‍ ബിഡിജെഎസ് അവസാനഘട്ടത്തെ പ്രചരണം കൂടി കഴിയുമ്പോള്‍ മുന്നിലെത്തുമെന്നാണ് എന്‍ഡിഎ കേന്ദ്രങ്ങള്‍ വിശ്വാസം പ്രകടിപ്പിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വോട്ട് വിഹിതം അളന്ന് തെരഞ്ഞെടുപ്പ് അവലോകനം നടത്തുന്ന എതിരാളികളെ കുഴക്കുന്നതാണ് ബിഡിജെഎസിന്റെ സാന്നിധ്യം. എന്‍ഡിഎയുടെ വോട്ട് വിഹിതത്തില്‍ അഞ്ച് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിഡിജെഎസിന് കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ എങ്കില്‍ എന്‍ഡിഎയ്ക്ക് വലിയ കുതിച്ച് ചാട്ടമാണ് കേരളത്തില്‍ ഉണ്ടാക്കാനാകുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്ത് മുതല്‍ 14 ശതമാനം വരെ വോട്ടുകളാണ് ബിജെപിയ്ക്ക് ലഭിക്കാറ്. ഇത്തവണ ഇത് ഇരുപത് ശതമാനം കഴിയുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
മലമ്പുഴയിലും, പാലക്കാടും അട്ടിമറി വിജയം നേടാന്‍ ബിഡിജെഎസിന്റെ പിന്തുണ ബിജെപിയ്ക്ക് സഹായകരമാകും. മലമ്പുഴയില്‍ വിഎസിനെതിരെ എസ്എന്‍ഡിപി കേന്ദ്രങ്ങളെ സജീവമാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ നേരിട്ട് ഇടപെട്ടിരുന്നു. പല മണ്ഡലങ്ങളിലും മറ്റ് സ്ഥാനാര്‍ത്ഥികളുടെ ജയസാധ്യതയെ തടയുന്നതും ബിഡിജെഎസിന്റെ സാന്നിധ്യമാണ്.
Discussion about this post