തലശ്ശേരി: വായനശാലയില്‍ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കുട്ടിമാക്കൂല്‍ ഊരാങ്കോട്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വായനശാല കെട്ടിടത്തിലുണ്ടായ ബോംബ് സ്ഫോടനവുമായ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ‘മഹേഷ് നിവാസി’ല്‍ ബാലനെയാണ് (77) ടൗണ്‍ സി.ഐ പി.എം. മനോജ്, പ്രിന്‍സിപ്പല്‍ എസ്.ഐ സി. ഷാജു എന്നിവരടങ്ങയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ബാലനെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ബ്രാഞ്ച് സെക്രട്ടറി എന്ന നിലയില്‍ ബാലന്റെ പേരിലാണ്. കഴിഞ്ഞ ആറിന് രാത്രി 11ഓടെയാണ് പാട്യം ഗോപാലന് സ്മാരക വായനശാല കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സ്ഫോടനമുണ്ടായത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ശേഖരം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ബോംബ് നിര്‍മാണത്തിന് ശേഖരിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ പേര് അടുത്ത ദിവസങ്ങളില്‍ അറസ്റ്റിലായേക്കും. സ്ഫോടനത്തിനുത്തരവാദി ബിജെപിയാണെന്ന ആരോപണവുമായി സിപിഎം രംഗത്തത്തെിയിരുന്നു, സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും വാതിലുകളും ഫര്‍ണിച്ചറും തകരുകയും ചെയ്തു. എക്സ്പ്ളോസിവ് സബ്സ്റ്റന്റ് ആക്ട് പ്രകാരമാണ് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.
Discussion about this post