കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ പെട്ട അഞ്ച് അസോസിയേറ്റ് ബാങ്കുകളെയു മാതൃബാങ്കായ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ ചൊവ്വാഴ്ച മുംബൈയില്‍ ചേര്‍ന്ന എസ്ബിഐയുടെ ഡയറക്ടര്‍ ബോര്‍ഡ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി.), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് എസ്ബിഐയുടെ അനുബന്ധ ബാങ്കുകള്‍. ഇവയ്ക്ക് പുറമെ, കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ സമ്പൂര്‍ണ വനിതാ ബാങ്കായ ‘ഭാരതീയ മഹിളാ ബാങ്കും’ എസ്ബിഐയില്‍ ലയിപ്പിക്കും.
ആറ് ബാങ്കുകളും എസ്ബിഐയില്‍ ലയിക്കുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആറ് ബാങ്കുകളുടെയും ബിസിനസ്, ആസ്തി, ബാധ്യതകള്‍ എന്നിവയെല്ലാം ലയനത്തോടെ എസ്ബിഐയുടേതായി മാറും. ആറ് ബാങ്കുകളുടെയും കൂടി മൊത്തം ബിസിനസ് ഏതാണ്ട് ഒമ്പതു ലക്ഷം കോടി രൂപയ്ക്ക് മേലെ വരും. ഇതിനു പുറമെയാണ് എസ്ബിഐയുടെ ബിസിനസ്. നേരത്തെ, 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയെയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെയും എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.
Discussion about this post