ഡല്‍ഹി: രക്ഷിതാവിന്റെ ട്വീറ്റിനെത്തുടര്‍ന്ന് വീടുവിട്ട് ഓടിപ്പോയ കൗമാരക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ബംഗാളില്‍നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികളെയാണ് സുരേഷ് പ്രഭുവിന്റെ സഹായത്തോടെ കണ്ടെത്തിയത്. സിബിഎസ്ഇ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ വീടുവിട്ട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇവരിലൊരാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മുംബൈയ്ക്കുള്ള ട്രെയന്‍ യാത്രയിലാണെന്ന് മനസിലായി.
പിന്നീട് പെണ്‍കുട്ടികളിലൊരാളുടെ പിതാവ് ട്വിറ്ററിലൂടെ റെയില്‍വേ മന്ത്രിയുടെ സഹായം തേടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ സുരക്ഷാ സേന മുംബൈ ഛത്രപതി ശിവാജി റെയില്‍ സ്റ്റേഷനിലും അതിനുമുമ്പുമുള്ള സ്റ്റേഷനുകളില്‍ നിലയുറപ്പിച്ചു. തെരച്ചിലില്‍ ഛത്രപതി സ്റ്റേഷനുമുമ്പുള്ള നാസിക്ക് സ്റ്റേഷനിലെത്തിയ ഗീതാഞ്ജലി എക്‌സ്പ്രസില്‍നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
Discussion about this post