ലക്നൗ: ദാദ്രയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസം ബീഫ് ആണെന്ന ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെ ഇയാളുടെ കുടുംബത്തിനെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് ഗ്രാമവാസികള്‍. ബിഷാഡാ ഗ്രാമവാസികളാണ് ജാര്‍ച്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് തയ്യാറെടുക്കുന്നത്. അഖ്ലാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സഞ്ജയ് റാണയുടെ മകന് വിശാല്‍ കഴിഞ്ഞ എട്ടുമാസമായി ജയിലില്‍ കഴിയുകയാണ്. ഈ കുടുംബവും പരാതിയില്‍ കക്ഷിചേരും.
അഖ്ലാഖ് കൊല്ലപ്പെടുമ്പോള്‍ ഇയാളുടെ വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജിലെ ഫ്രീസറില്‍നിന്ന് പിടിച്ചെടുത്ത മാംസമാണ് മധുരയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ബീഫാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറില്‍ കണ്ടെടുത്ത ഇറച്ചി ആട്ടിറച്ചിയല്ലെന്നും ബീഫാണെന്നും കാട്ടി ലാബ് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ആട്ടിറച്ചിയെന്ന ഉത്തര്‍ പ്രദേശ് മൃഗക്ഷേമ വകുപ്പിന്റെ പരിശോധനാ ഫലം തള്ളുന്നതാണ് പുതിയ കണ്ടെത്തല്‍.
അതേസമയം രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് പുതിയ റിപ്പോര്‍ട്ടെന്ന് മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് അമ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലാഖിനെയും മകനെയും പ്രകോപിതരായ ജനക്കൂട്ടം മര്‍ദിക്കുന്നത്. തുടര്‍ന്ന് അഖ്ലാഖ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post