ഡല്‍ഹി: നിരക്കു വര്‍ധന ഒഴിവാക്കി ജനപ്രിയബജറ്റാകും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റിനു തൊട്ടുമുന്‍പായി നിരക്കു വര്‍ധിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിനാല്‍ നിരക്കു വര്‍ധന ഒഴിവാക്കി ജനപ്രിയമെന്നു തോന്നിപ്പിക്കുന്ന ബജറ്റാകും ഇത്തവണ അവതരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.
ആധുനിക ,സ്വകാര്യ വല്‍ക്കരണത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കുമെന്ന് കരുതുന്നു.യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, വൈ ഫൈ, സി.സി.ടി.വി തുടങ്ങിയ ആധുനിക സംവിധാനങ്ങളും,സുരക്ഷാ മുന്‍കരുതലുകളും, ഇകാറ്ററിങ്ങ് എന്നീ മേഖലകളിലെല്ലാം ആധുനികവത്കരണത്തിന് ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കൂടുതല്‍ റെയില്‍പ്പാതകളും ട്രെയിനുകളും ഇത്തവണ പ്രഖ്യാപിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ഈ റെയില്‍ ബജറ്റില്‍ പ്രത്യേകപരിഗണന നല്‍കിയേക്കും.ധനസമാഹരണത്തിനായി വിദേശ വായ്പകള്‍ സ്വീകരിക്കുന്നതിന്റെ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ പ്രതിഫലനങ്ങളും ബജറ്റിലുണ്ടാവും. നൂറോളം പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കും. വൈദ്യുതീകരണ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും പുതിയ പാതകള്‍ വൈദ്യുതീകരിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങളുണ്ടാവും. അതിനുപുറമെ പുതിയ റെയില്‍വെ ലൈനുകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തും.
നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ 1.8 ലക്ഷം കോടി രൂപ വേണമെന്നാണ് കണക്കു കൂട്ടല്‍. ഈ വര്‍ഷത്തെ മുഖ്യബജറ്റില്‍ അമ്പതിനായിരം കോടി രൂപയുടെ ധനസഹായം റെയില്‍വേയ്ക്കായി നീക്കി വെക്കണമെന്ന് കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചൈനയും ജപ്പാനുമടക്കമുളള രാജ്യങ്ങളില്‍ നിന്ന് പരസ്പരപങ്കാളിത്തത്തോടെയുളള വികസനപദ്ധതികള്‍ രൂപീകരിക്കാനും ഈ ബജറ്റില്‍ നിര്‍ദേശമുണ്ടായേക്കും.
Discussion about this post