ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ രാജ്യദ്രാേഹ കുറ്റം ചുമത്താനിടയായ ജെഎന്‍യു പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വിശ്വാസയോഗ്യമായതാണെന്ന് സി.ബി.ഐ ഫോറന്‍സിക്ക് ലാബ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഒരു ഹിന്ദി വാര്‍ത്താ ചാനലില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ക്യാമറ, മെമ്മറി കാര്‍ഡ്, ദൃശ്യങ്ങളടങ്ങിയ സി.ഡി, മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഒപ്പമാണ് സി.ബി.ഐ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിരുന്നത്. ജൂണ്‍ എട്ടിനാണ് ദൃശ്യങ്ങള്‍ വിശ്വാസയോഗ്യമാണെന്ന റിപ്പോര്‍ട്ട് സി.ബി.ഐ ലാബ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് അയച്ചു കൊടുത്തത്. എന്നാല്‍ സി.ബി.ഐ ലാബ് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല,
ഫെബ്രുവരി ഒന്‍പതിന് ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുടെ ഏഴ് ദൃശ്യങ്ങള്‍ പൊലീസ് ഹൈദരാബാദ് ആസ്ഥാനമായുള്ള ലാബില്‍ അയച്ചിരുന്നു. അതില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം വിശ്വാസയോഗ്യമാണെന്നാണ് കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ അമര്‍ ഖാലിദ് എന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി നയിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഘം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് കാണാം.
ഒരു വാര്‍ത്താ ചാനലില്‍ നിന്നും ലഭിച്ച എഡിറ്റ് ചെയ്യാത്ത വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കനയ്യയെ കേസില്‍ കുടുക്കാന്‍ മനപൂര്‍വം സൃഷ്ടിച്ചതാണ് വീഡിയോ എന്നായിരുന്നു കനയ്യ അനുകൂലികള്‍ ഉയര്‍ത്തിയ പ്രചരണം. ടൈംസ് നൗ തുടങ്ങിയ ചാനലുകള്‍ക്കെതിരെ വ്യാപകമായ പ്രചരണവും നടന്നു. കനയ്യയെ നേതാവായി ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ വലിയ തിരിച്ചടിയായിരിക്കുകയാണ് വീഡിയൊകള്‍ വ്യാജമല്ലെന്ന ഫോറന്‍സിക് കണ്ടെത്തല്‍.
Discussion about this post