ഫോക്സ്ബര്‍ഗ്: കോപ്പ ഏമേരിക്കയില് വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് മെസ്സിയും കൂട്ടരും സെമി പ്രവേശം സാധ്യമാക്കിയത്. ഇരട്ട ഗോള്‍ നേട്ടവുമായി ഗോണ്‍സാലോ ഹിഗ്വെയ്നും ഓരോ ഗോള്‍ വീതം നേടി സൂപ്പര്‍ താരം മെസ്സിയും എറിക് ലാമെല്ലയും കളം നിറഞ്ഞു കളിച്ചപ്പോള്‍ വെനസ്വേലക്കായി സാല്‍മണ്‍ റണ്‍ഡണ്‍ ആണ് ആശ്വാസ ഗോള്‍ നേടിയത്.
ഒരു ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത മെസ്സിതന്നെയാണ് നീലപ്പടയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. വെനസ്വേലക്കെതിരായ ഗോള്‍ നേട്ടത്തോടെ അര്‍ജന്റീനക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മെസ്സിക്കായി. 54 ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ അജയ്യരായി ക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീന വെനസ്വേലയെ നിലം തൊടാന്‍ അനുവദിച്ചില്ല. അട്ടിമറി വിജയത്തിലൂടെ കോപ്പയിലെ ആദ്യ സെമിയെന്ന സ്വപ്നവുമായി ഗ്രൗണ്ടിലിറങ്ങിയ വെനസ്വേലക്ക് ഒടുവില്‍ നിരശാരയി മടക്കം.
Discussion about this post