ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ചിനിടെ എ.എ.പി അംഗങ്ങളെ തുഗ്ളക് റോഡില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതി പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വ്യാപാരികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഗാസിപുര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന് മനീഷ് സിസോദിയക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗാസിപുര്‍ മാര്‍ക്കറ്റില്‍ ലൈസന്‍സ് ഇല്ലാതെ കടകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കകയാണ് താന്‍ ചെയ്തതെന്നാണ് സിസോദിയയുടെ വിശദീകരണം.
വ്യാപാരികളുടെ പരാതിയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കീഴടങ്ങുമെന്ന് മനീഷ് സിസോദിയ ട്വിറ്റിലൂടെ അറിയിക്കുകയും തുടര്‍ന്ന് നിയമസഭാംഗങ്ങളുടെയും അനുയായികളുടെയും പിന്തുണയോടെ പ്രതിഷേധ മാര്‍ച്ച് നടത്തുകയുമായിരുന്നു. സിസോദിയ പ്രധാനമന്ത്രിക്ക് മുന്നില്‍ കീഴടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തിരുന്നു.
മുതിര്‍ന്ന പൗരനെ മര്‍ദിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം സംഘം വിഹാര്‍ എം.എല്‍.എ ദിനേശ്മോഹാനിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് ഡല്‍ഹിയിലെ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് മോഹാനിയ അറസ്റ്റിലായത്. ബി.ജെ.പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ നടത്തുകയാണെന്ന് കെജ് രിവാള്‍ പ്രതികരിച്ചിരുന്നു
Discussion about this post