പാലക്കാട്: പാലക്കാട് വാണിയംകുളത്ത് മൂന്നര സെന്റ് തരിശുഭൂമിയില്‍ പ്ലാസ്റ്റിക് കൂര കെട്ടി താമസിച്ച ദളിത് കുടുംബത്തെ പ്രാദേശിക സിപിഐഎം നേതൃത്വം പീഡിപ്പിക്കുന്നതായി പരാതി.
വാടകവീട്ടില്‍ നിന്ന് പണം കൊടുക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്വന്തം പേരിലുളള പണിയൂര്‍ പാടശേഖരത്തിലെ തരിശു ഭൂമിയില്‍ അര്ജുനന് പ്ലാസ്റ്റിക് കൂര വെച്ച് താമസം തുടങ്ങിയ കുടുംബത്തെ സിപിഎം നേതാക്കള്‍ ഇടപെട്ട് ഇറക്കി വിടാന്‍ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം.
ഉദ്യോഗസ്ഥരും പ്രാദേശിക സിപിഐഎം നേതൃത്വവും സിപിഐഎം നേതൃത്വത്തിലുളള പഞ്ചായത്ത് നേതാക്കളും ഇടപെട്ടതോടെ ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിന് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. കൃഷിഭൂമിയുടെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഐഎം നേതാക്കളുമായുളള പ്രശ്നങ്ങളാണ് പാര്‍ട്ടിയുടെയും ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും കരടായി അര്ജുനനെയും കുടുംബത്തെയും മാറ്റിയത്.
ബാര്‍ബറായി ജോലി ചെയ്യുന്ന ദളിത് കുടുംബത്തില്‍പ്പെട്ട അര്ജുനന് വികാലാംഗന് കൂടിയാണ്. ഇതേ പാടശേഖരത്തില്‍ തന്നെ കെഎല്‍യു സമ്പാദിച്ച് താമസിക്കുന്നവരുമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ ഇടപെട്ടതോടെ ഒറ്റപ്പാലം സബ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പട്ടികജാതി ഓഫീസറെ മൊബൈലില്‍ ബന്ധപ്പെട്ട കളക്ടര്‍ അടിയന്തര നടപടിക്കു നിര്‍ദേശിച്ചിട്ടുണ്ട്.
സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ പണിയൂരില് പാര്‍ട്ടി ദലിത് കുടുംബത്തെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ അര്‍ജുനന്റെ സ്ഥലത്തിന് കെഎല്‍യു നല്കാന് തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐഎം പഞ്ചായത്തംഗം അബദുള്‍ സലാം.
Discussion about this post