ഡല്‍ഹി: വിവാദങ്ങളില്‍ അകപ്പെട്ട ഇസ്ലാം മത പ്രഭാഷകന്‍ സാക്കിര്‍ നായിക് ഇന്ത്യയിലേക്കുളള യാത്ര റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ വിവാദനായകനായത്. സൗദിയിലുളള സാക്കിര്‍ നായിക്ക് ഇന്ന് മുംബൈയിലേക്ക് എത്തിച്ചേരും എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ സൗദിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായാണ് വിവരങ്ങള്‍. സാക്കിര്‍ നായിക് ഇന്ത്യയില്‍ എത്തുമെന്ന വിവരങ്ങളെ തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും അദ്ദേഹത്തിന്റെ വീടിനും പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ എത്തുന്ന സാക്കിര്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരങ്ങളുണ്ടായിരുന്നു.
ധാക്കയിലെ റസ്റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വ്യക്തമാക്കി ബംഗ്ലാദേശിലെ ദ ഡെയ്ലി സ്റ്റാര്‍ എന്ന പത്രം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സാക്കിര്‍ നായിക്കിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതും, ബംഗ്ലാദേശില്‍ അടക്കം അദ്ദേഹത്തിന്റെ പീസ് ടിവിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതും. എന്നാല്‍ ധാക്കയിലെ സ്ഫോടനത്തില്‍ തന്റെ പേര് ആവശ്യമില്ലാതെ പത്രം ഉപയോഗിക്കുകയായിരുന്നെന്ന് സാക്കിര്‍ നായിക് യു ട്യൂബില്‍ അപ്ലോഡ് ചെയ്ത പുതിയ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ദ ഡെയ്ലി സ്റ്റാര്‍ പത്രം വാര്‍ത്തയില്‍ തിരുത്തുമായി ഇന്നലെ രംഗത്ത് എത്തിയിരുന്നു.
Discussion about this post