ഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നടന്ന അഴിച്ചു പണിയ്ക്ക് പിന്നാലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ക്യാബിനറ്റ് പദവിയുള്ള ന്യൂനപക്ഷക്ഷേമ മന്ത്രി നജ്മ ഹെപ്ത്തുല്ലയും ഘനവ്യവസായ വകുപ്പ് സഹമന്ത്രി ജി.എം. സിദ്ധേശ്വരയുമാണ് രാജിവച്ചത്. ഇരുവരുടെയും രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാര്‍ലമെന്ററികാര്യ വകുപ്പു സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കി ഉയര്‍ത്തി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്. കൂടാതെ നഗരവികസന, ദാരിദ്രനിര്‍മാര്‍ജ്ജന വകുപ്പു സഹമന്ത്രി ബാബുല്‍ സുപ്രിയോയെ വകുപ്പു മാറ്റി ഘന വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്‍ നിര്‍ത്തിയും സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുന്നതിന് വേണ്ടിയും കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി നടന്നത്. പുനസംഘടനയില്‍ നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തുകയും 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post