ഡല്‍ഹി: കേരളത്തില്‍ നിന്ന് കാണാതായ 21പേര്‍ ഐസിസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിളിച്ചു ചേര്‍ത്ത ഉന്നതതല ഇന്റലിജന്‍സ് യോഗം വിലയിരുത്തി. ഇവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന പതിവു യോഗത്തില്‍, കേരളത്തില്‍ നിന്ന് 21 പേരെ കാണാതായതിനെ പറ്റി സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍.ശ്രീലേഖ റിപ്പോര്‍ട്ട് ചെയ്തു. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ അപ്രത്യക്ഷരാകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി. ഇവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയെന്ന് സൂചനയുണ്ട്. ഇതേ പറ്റി സംസ്ഥാനങ്ങള്‍ക്കുള്ള വിവരങ്ങള്‍ കേന്ദ്രത്തിനും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു ലഭിക്കുന്ന വിവരങ്ങള്‍ തിരിച്ചും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിലും കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാണാതായവരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Discussion about this post