തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനാണ് വി എസ് എന്ന് മന്ത്രി എ കെ ബാലന്‍. വിഎസിന് കെ കരുണാകരന്റെ അവസ്ഥ ഉണ്ടാവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വിഎസ് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശനും പ്രതികരിച്ചു. ലാത്തികള്‍ക്കും തോക്കിനും മുന്നില്‍ കീഴടങ്ങാത്തയാളാണ് പുന്നപ്ര വയലാര്‍ സമര നായകനെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍മ്പോള്‍ ഉണ്ടാകാവുന്ന ഇരട്ടപ്പദവി വിഷയം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിന് പ്രതിപക്ഷം തടസ്സവാദം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എതിര്‍പ്പുമായി രംഗത്തു വന്നത്. നിയമസഭയുടെ തുടക്കത്തില്‍ തന്നെ ഈ ബില്ല് കൊണ്ടു വരുന്നതിന്റെറ ആവശ്യകത എന്തെന്ന് മനസിലാകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഏത് വ്യക്തിക്കു വേണ്ടിയാണ് ഭേദഗതി ബില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എ കെ ബാലനാണ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്.
അതേസമയം ബില്‍ ലളിതവും ഭരണഘടനാ അനുസൃതവുമാണെന്ന് മന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. ഈ മാസം മൂന്നിനാണ് വിഎസിന് ക്യാബിനറ്റ് പദവി നല്‍കാന്‍ നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ നല്‍കിയത്. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചത്. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭേദഗതി ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം ഭേദഗതി ബില്ലിനെ തങ്ങളായി എതിര്‍ക്കില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. അതിന് ഘടകവിരുദ്ധമാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട്.വി എസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന് വി എസും അനുകൂലമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇരട്ടപദവി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പോംവഴി തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിയമഭേദഗതി ശുപാര്‍ശ ചെയ്തത്.
Discussion about this post